ഹൈദരാബാദ്: അന്തരിച്ച റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവുവിന്‍റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. രാവിലെ ഒൻപതിനും പത്തിനും ഇടയില്‍ ഫിലിം സിറ്റിയിലാണ് ചടങ്ങുകള്‍. അസുഖബാധിതനായ അദ്ദേഹം ഇന്നലെ (ജൂണ്‍ 8) പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്.
റാമോജി റാവുവിന്‍റെ അന്ത്യകർമ്മങ്ങൾ സംസ്ഥാന ബഹുമതികളോടെ തെലങ്കാന സർക്കാർ നടത്തും. സംസ്‌കാര ചടങ്ങുകള്‍ കഴിയുന്നതുവരെ സർക്കാരിന്‍റെ ഔപചാരികമായ ചടങ്ങുകളൊന്നും നടത്തില്ല. കൂടാതെ, റാമോജി റാവുവിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ആന്ധ്രാപ്രദേശില്‍ ഇന്നും നാളെയും ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
റാമോജി റാവുവിന്‍റെ നിര്യാണത്തിൽ രാഷ്‌ട്രീയ-സിനിമ മേഖലയിലെ നിരവധി പ്രമുഖര്‍ ഫിലിം സിറ്റിയിൽ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. മുൻ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, മുൻ കേന്ദ്രമന്ത്രി നിർമല സീതാരാമൻ, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജനസേന മേധാവി പവൻ കല്യാൺ, തെലങ്കാന നിയമസഭാംഗം ഗദ്ദം പ്രസാദ്, തെലങ്കാന നിയമസഭ കൗൺസിൽ ചെയർമാൻ ഗുട്ട സുഖേന്ദർ റെഡ്ഡി, ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക, മന്ത്രിമാരായ ഉത്തംകുമാർ റെഡ്ഡി, തുമ്മല നാഗേശ്വർ റാവു, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, പൊന്നം പ്രഭാകർ, എംഎൽഎമാരായ മൽ റെഡ്ഡി, രംഗറെഡ്ഡി എന്നിവരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
Also Read: റാമോജി റാവു അന്തരിച്ചു ; വിടവാങ്ങിയത് സിനിമ-മാധ്യമ സംരംഭക രംഗത്തെ അതികായന്‍