അജ്‌മീര്‍: ക്രിസ്‌മസ് കാലമായതോടെ രാജസ്ഥാനിലെ ക്രൈസ്‌തവ സമൂഹം ആവേശത്തിലാണ്. സംസ്ഥാനത്ത് ധാരാളം ക്രൈസ്‌തവരുണ്ട്. ബ്രിട്ടീഷ് കാലം മുതല്‍ ഇവിടെയുള്ളവരാണ് ഇവര്‍. ക്രിസ്‌മസ് കാലമാകുന്നതോടെ ഇവരുടെ സന്തോഷം ഇരട്ടിയാകുന്നു.
രാജസ്ഥാനിൽ ധാരാളം ക്രൈസ്‌തവ ദേവാലയങ്ങളുമുണ്ട്. 164 കൊല്ലം മുമ്പ് നിര്‍മ്മിച്ച ബിയാവറിലെ പള്ളിയാണ് ഇവയിലേറ്റവും പുരാതനം. പള്ളികള്‍ക്ക് പുറമെ ക്രൈസ്‌തവ മിഷനറിമാര്‍ സംസ്ഥാനത്ത് ധാരാളം ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇന്നും സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുന്നു. ബിയാവറിലെ ആദ്യ ക്രൈസ്‌തവ ദേവാലയം സ്‌കോട്ടിഷ് മതപ്രചാരകനായിരുന്ന ഷല്‍ബ്രീഡിന്‍റെ പേരിലാണ് എന്നത് സംസ്ഥാനത്തെ ക്രൈസ്‌തവ പാരമ്പര്യത്തെ എടുത്ത് കാട്ടുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
20 അംഗ മതപ്രചാരകര്‍ക്കൊപ്പമാണ് ഷല്‍ബ്രീഡ് സ്‌കോട്ട്ലന്‍ഡില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. പാവങ്ങളെയും സമൂഹത്തിലെ മധ്യവര്‍ഗത്തെയും സഹായിക്കുന്നതിനായി ഇവര്‍ തങ്ങളുടെ ജീവിതം ഉഴിഞ്ഞു വച്ചു. സൗജന്യ ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ഇവര്‍ ഉറപ്പാക്കി.
അജ്‌മീറില്‍ പല വിശേഷ ചരിത്രങ്ങളുമുള്ള നിരവധി ചരിത്ര ദേവാലയങ്ങള്‍ നമുക്ക് കാണാനാകും. ശില്‍പ്പകലയുടെ വ്യത്യസ്‌ത രീതികളുടെയും മകുടോദാഹരണമായി ഇവ നിലകൊള്ളുന്നു. 150 കൊല്ലം പഴക്കമുള്ള റോബോസ് മെമ്മോറിയല്‍ പള്ളിയാണ് നഗരത്തിലെ ഏറ്റവും പഴയ ക്രൈസ്‌തവ ദേവലായങ്ങളില്‍ ഒന്ന്. സെന്‍റിനറി മെതോഡിസ്റ്റ് ചര്‍ച്ച്, സെന്‍റ് മേരീസ് ചര്‍ച്ച്, ഔവര്‍ ലേഡി ഓഫ് സെവന്‍ ഡോളേഴ്‌സ് ചര്‍ച്ച് തുടങ്ങിയവയാണ് നഗരത്തിലെ മറ്റ് സുപ്രധാന ദേവാലയങ്ങള്‍.
ദേവാലയങ്ങള്‍ അലങ്കരിച്ചും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും അജ്‌മീറിലെ ക്രൈസ്‌തവ സമൂഹം ക്രിസ്‌തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. സന്തോഷത്തിന്‍റെയും ആഘോഷങ്ങളുടെയും ഈ വേളയില്‍ യേശുദേവന്‍റെ വരവറിയിക്കാന്‍ ഒത്തുകൂടലുകളും തുടങ്ങിക്കഴിഞ്ഞു.
വിവിധ മേഖലകളില്‍ പ്രത്യേകിച്ച് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ നല്‍കിയ വിവിധ സംഭാവനകളിലൂടെ ക്രൈസ്‌തവ മിഷനറിമാര്‍ രാജസ്ഥാനിലെ വിവിധ തലമുറകള്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നുവെന്ന് റോബ്‌സണ്‍ മെമ്മോറിയല്‍ ചര്‍ച്ചിന്‍റെ സെക്രട്ടറി രാകേഷ് സാമുവല്‍ ചൂണ്ടിക്കാട്ടുന്നു. അജ്‌മീറിെല ഏറ്റവും പുരാതനമായ പെണ്‍പള്ളിക്കൂടം ക്രൈസ്‌തവ മിഷണറിമാര്‍ സ്ഥാപിച്ച മിഷന്‍ ഗേള്‍സ് സ്‌കൂളാണ്. അജ്‌മീര്‍ മെമ്മോറിയല്‍ സ്‌കൂളിന് നൂറ് കൊല്ലത്തിലേറെ പഴക്കമുണ്ട്. ആണ്‍കുട്ടികള്‍ക്കായി സ്ഥാപിച്ച ഈ വിദ്യാലയവും ക്രൈസ്‌തവ മിഷനറിമാരുടെ സംഭാവനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷനറിമാരുടെ കാലത്ത് ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വലിയ വികസനങ്ങള്‍ സംസ്ഥാനത്തുണ്ടായി. അത് കൊണ്ട് തന്നെയാണ് അജ്‌മീര്‍ വിദ്യാഭ്യാസ മേഖലയില്‍ ഏറെ പ്രശസ്‌തമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിസ്‌തുമസ് ക്രൈസ്‌തവ സമൂഹത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ഇതിനുള്ള ഒരുക്കങ്ങള്‍ ഡിസംബര്‍ ഒന്നുമുതല്‍ തന്നെ ആരംഭിക്കാറുണ്ടെന്നും സാമുവല്‍ പറഞ്ഞു. അജ്‌മീറിലെ പള്ളികളെല്ലാം പ്രത്യേകമായി അലങ്കരിച്ച് കഴിഞ്ഞു. പള്ളികളില്‍ പല പ്രാര്‍ത്ഥനകളും സംഘടിപ്പിക്കുന്നുണ്ട്. കരോള്‍ഗാനങ്ങളുമായി ചെറുപ്പക്കാര്‍ വൈകുന്നേരങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി യേശുദേവന്‍റെ തിരുപ്പിറവിയെക്കുറിച്ച് അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.