ഭോപ്പാൽ : കത്‌നി ജില്ലയിൽ സ്‌ത്രീയേയും ചെറുമകനെയും മർദിച്ച സംഭവത്തിൽ സ്‌റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ ആറ് റെയിൽവേ പൊലീസ് (ജിആർപി) ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് മധ്യപ്രദേശ് സർക്കാർ. ദലിത് വിഭാഗത്തിൽപ്പെട്ടവരാണ് ആക്രമണത്തിനിരയായതെന്ന് കാട്ടി പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്, സംഭവത്തിൻ്റെ വീഡിയോ പങ്കുവച്ചിരുന്നു.
'കത്‌നി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ മർദിക്കുന്ന ഒരു പഴയ വീഡിയോ സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാണ്. ഞാൻ അതിനെക്കുറിച്ച് അന്വേഷിക്കാൻ റെയില്‍വേ ഡിഐജിയോട് ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ തന്നെ കുറ്റം തെളിഞ്ഞതിനാൽ ഉടനടി തന്നെ ജിആർപി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ്, ഹെഡ് കോൺസ്റ്റബിൾ, നാല് കോൺസ്റ്റബിൾമാർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുന്നതായിരിക്കും' -മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ നേരത്തെ തന്നെ ഫീൽഡ് ഡ്യൂട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. അന്വേഷണത്തിനായി റെയിൽവേ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ മോണിക്ക ശുക്ല വ്യാഴാഴ്‌ച (ഓഗസ്റ്റ് 29) കത്‌നിയിൽ എത്തിയതായി വൃത്തങ്ങൾ അറിയിച്ചു.
മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി, മാധ്യമ വകുപ്പ് ചെയർമാനും മുൻ മന്ത്രിയുമായ മുകേഷ് നായക് എന്നിവരും ആക്രമണത്തിൽ ഇരയായവരെ സന്ദർശിക്കുമെന്ന് പാർട്ടി നേതാവ് പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ സന്ദർശനം കണക്കിലെടുത്തുകൊണ്ട് നഗരത്തിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.