സിലിഗുരി (വെസ്റ്റ് ബംഗാള്‍): ബിജെപി സർക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തുടനീളം വെറുപ്പും അക്രമവും പ്രചരിപ്പിക്കുകയാണെന്നും പാവപ്പെട്ടവരുടെയും യുവാക്കളുടെയും താൽപ്പര്യങ്ങൾ അവഗണിച്ച് വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
സായുധ സേനയിൽ ചേരാൻ ആഗ്രഹിക്കുന്ന യുവാക്കളെ കേന്ദ്ര സർക്കാർ ഹ്രസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിവീറിലൂടെ പരിഹസിച്ചിരിക്കുകയാണെന്നും വെസ്റ്റ് ബംഗാളിലെ സിലിഗുരിയിൽ ഭാരത് ജോഡോ ന്യായ് യാത്രയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ ഗാന്ധി പറഞ്ഞു.
'രാജ്യത്തുടനീളം വിദ്വേഷവും അക്രമവും പടർത്തുകയാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം യുവാക്കള്‍ സ്നേഹവും നീതിയും പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കണം. കേന്ദ്രസർക്കാർ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്, പാവപ്പെട്ടവർക്കും യുവാക്കൾക്കും വേണ്ടിയല്ല' അദ്ദേഹം പറഞ്ഞു.
ബംഗാളിൽ തനിക്ക് ലഭിച്ച സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗാന്ധി, ബംഗാളിന് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും സ്വാതന്ത്ര്യ സമര കാലത്ത് ആശയപരമായ പോരാട്ടത്തിന് നേതൃത്വം നൽകിയിരുന്നതായും നിലവിലെ സാഹചര്യത്തിൽ വിദ്വേഷത്തിനെതിരെ പോരാടാനും രാജ്യത്തെ ബന്ധിപ്പിക്കാനുമുള്ള വഴി കാണിക്കേണ്ടത് ബംഗാളിന്‍റെയും ബംഗാളികളുടെയും കടമയാണെന്നും പറഞ്ഞു. അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ ജനങ്ങൾ ഒരിക്കലും നിങ്ങളോട് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.