ബിര്‍ഭും (പശ്ചിമ ബംഗാള്‍) : ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍ പെട്ടു (Rahul Gandhi s convoy hit by car in Birbhum). ആംബുലന്‍സ്, അഡിഷണല്‍ പൊലീസ് സൂപ്രണ്ടിന്‍റെയും എസ്‌ഒജി ഒസിയുടെയും കാറില്‍ ഇടിച്ചാണ് അപകടം. യാത്ര ജാര്‍ഖണ്ഡിലേക്ക് കടക്കാനിരിക്കെയാണ് സംഭവം. പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളില്‍ അഞ്ചാം ദിവസം പര്യടനം നടത്തുന്നതിനിടെയാണ് ആംബുലന്‍സ് അപകടത്തില്‍ പെട്ടത്. സംസ്ഥാനത്ത് സെക്കന്‍ഡറി പരിക്ഷകള്‍ ഇന്ന് ആരംഭിച്ചതിനാല്‍ ന്യായ് യാത്രയ്‌ക്ക് ബിര്‍ഭും ജില്ല പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ജയറാം രമേശും അധീര്‍ രഞ്ജന്‍ ചൗധരിയും 55 കിലോമീറ്ററോളം വാഹനവ്യൂഹം ഇല്ലാതെയാണ് പര്യടനം നടത്തിയത്.
തുടക്കം മുതല്‍ തന്നെ യാത്രയില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ഇതിനിടെ ഉച്ചഭക്ഷണത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും സെന്‍ട്രല്‍ ആര്‍മി ജവാന്‍മാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പിന്നാലെ പശ്ചിമ ബംഗാളിലെ പര്യടനം പൂര്‍ത്തിയാക്കി ന്യായ് യാത്ര ജാര്‍ഖണ്ഡിലേക്ക് തിരിച്ചു. ഈ സമയത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് ബിര്‍ഭും അഡിഷണല്‍ ജില്ല പൊലീസ് സൂപ്രണ്ട് സുരജിത് കുമാര്‍ ദേ, എസ്ഒജി (ഒസി) സഹിറുല്‍ ഇസ്‌ലാം എന്നിവരുടെ വാഹനങ്ങളില്‍ ഇടിച്ചത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ആംബുലന്‍സ് പിടിച്ചെടുക്കുകയും രണ്ട് ഡ്രൈവര്‍മാരെ കസ്റ്റഡിയില്‍ എടുക്കുകയും ആയിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.