ന്യൂഡല്‍ഹി : ഗൗതം അദാനിയെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്ക അദാനിക്കെതിരെ അഴിമതി, തട്ടിപ്പ് ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് രാഹുല്‍ ഈ ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കരാര്‍ ലഭിക്കുന്നതിനായി അദാനിയുടെ കമ്പനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2500 ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്ന കുറ്റമാണ് അദാനിക്കെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. അദാനി ഇന്ത്യയുടെയും അമേരിക്കയുടെയും നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം അദാനി ഗ്രൂപ്പ് ഇതുവരെ അമേരിക്കയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അദാനിയും മോദിയും ഒന്നായിരിക്കുന്നിടത്തോളം അദ്ദേഹം ഇന്ത്യയില്‍ സുരക്ഷിതനാണെന്നും രാഹുല്‍ പരിഹസിച്ചു. അദാനിയേയും അദ്ദേഹത്തിന്‍റെ സംരക്ഷകയും സെബി അധ്യക്ഷയുമായ മാധബി പുരി ബുച്ചിനെയും ചോദ്യം ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
പാര്‍ലമെന്‍റിന്‍റെ തിങ്കളാഴ്‌ച ആരംഭിക്കുന്ന ശീതകാലസമ്മേളനത്തില്‍ താന്‍ വിഷയം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംയുക്ത പാര്‍ലമെന്‍ററി സമിതി വിഷയം അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.
മോദി സര്‍ക്കാര്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്നുള്ളത് കൊണ്ട് യാതൊരു അന്വേഷണവും അദ്ദേഹത്തിനെതിരെ ഇന്ത്യയില്‍ നടക്കില്ലെന്ന് തനിക്ക് ഉറപ്പുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും അദാനിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അധികാരത്തില്‍ ഏത് പാര്‍ട്ടിയാണെന്നത് അന്വേഷണത്തിന് തടസമാകരുതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.