ന്യൂഡല്‍ഹി : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ബിഹാറിലെ കൈമൂറില്‍. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും. കൈമൂറിലെ ദുര്‍ഗാവതി ബ്ലോക്കിലെ ധനേച്ചയില്‍ നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
നിതീഷ് കുമാറിന്‍റെ ബിജെപി പ്രവേശനത്തിന് ശേഷം ഇത് ആദ്യമായാണ് ഒരു ആര്‍ജെഡി നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമാകുന്നത് (Tejashwi Yadav to attend Rahul Gandhi's Yatra in Kaimur today). കൈമൂറിലെ റാലിക്ക് ശേഷം ഇന്ന് തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശിലേക്ക് പ്രവേശിക്കും. റായ്ബറേലിയിൽ സോണിയയുടെ പിൻഗാമിയായി വന്നേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ യുപി പര്യടനത്തിൽ പങ്കെടുക്കാനൊരുങ്ങി പ്രിയങ്ക ഗാന്ധി. യുപിയിലെ ചന്ദൗലിയിലാകും പ്രിയങ്ക അണിചേരുക.
ഇലക്‌ടറല്‍ ബോണ്ട് നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധിക്കുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിജെപിക്ക് കൈക്കൂലിയും കമ്മിഷനും വാങ്ങാനുള്ള വഴിയാണ് ഇലക്‌ടറല്‍ ബോണ്ട് എന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു.