താനെ : ഇലക്‌ടറൽ ബോണ്ട് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കല്‍ റാക്കറ്റാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിയുടെ ബുദ്ധികേന്ദ്രമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. താനെയില്‍ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്‌ടറല്‍ ബോണ്ട് പദ്ധതിയിലൂടെ ലഭിച്ച ഫണ്ട് ശിവസേന, എൻസിപി പോലെയുള്ള പാർട്ടികളെ പിളർത്താനും സർക്കാരുകളെ അട്ടിമറിക്കാനുമാണ് ഉപയോഗിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ അമേഠിയിൽ മത്സരിക്കണമോയെന്ന കാര്യം കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പാർട്ടി അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയും തീരുമാനിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
'രാഷ്‌ട്രീയ സാമ്പത്തിക വ്യവസ്ഥയെ ശുദ്ധീകരിക്കാനാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതി രൂപകല്‌പന ചെയ്‌തതെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റുകളിൽ നിന്ന് പണം തട്ടാനുള്ള വഴിയായിരുന്നു എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. കോർപ്പറേറ്റുകളെ ഭയപ്പെടുത്തി ബിജെപിക്ക് പണം തട്ടാനായിരുന്നു ഇത്. ലോകത്തിലെ ഏറ്റവും വലിയ കൊള്ളയടിക്കൽ റാക്കറ്റാണിത്. അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു'- രാഹുല്‍ ഗാന്ധി പറഞ്ഞു.
കോൺഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇലക്‌ടറൽ ബോണ്ടുകൾ വഴി കമ്പനികള്‍ സംഭാവന ചെയ്‌ത് കരാർ നേടിയത് സംബന്ധിച്ചുള്ള ചോദ്യത്തിന്, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സർക്കാരുകളൊന്നും ദേശീയപാത, പ്രതിരോധ കരാറുകൾ പോലെ ദേശീയ തലത്തിലുള്ളവ നിയന്ത്രിച്ചിട്ടില്ലെന്നും ആദായനികുതി, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കുകയോ ആളുകളുടെ ഫോണുകളിൽ`പെഗാസസ്' (നിരീക്ഷണ സോഫ്റ്റ്‌വെയർ) കടത്തിവിടുകയോ ചെയ്‌തിട്ടില്ലെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.
"കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നൽകിയ കരാറുകളും ഞങ്ങൾക്ക് നൽകിയ ഫണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത് കോർപ്പറേറ്റ് ഇന്ത്യയിൽ നിന്നുള്ള ക്രിമിനൽ കൊള്ളയാണ്. എല്ലാ കോർപ്പറേറ്റുകൾക്കും ഇത് അറിയാം. കരാറുകൾ നൽകി മാസങ്ങൾക്ക് ശേഷം, കമ്പനികൾ ബി.ജെ.പിക്ക് ഇലക്‌ടറൽ ബോണ്ടുകൾ സംഭാവന ചെയ്‌തിട്ടുണ്ട്.
സി.ബി.ഐ, ഇ.ഡി ഏജന്‍സികള്‍ കേസുകൾ ഫയൽ ചെയ്‌തതിന് പിന്നാലെ കോർപ്പറേറ്റുകൾ ബി.ജെ.പിക്ക് പണം നൽകി'- രാഹുല്‍ ഗാന്ധി പറഞ്ഞു. ആദ്യം ബിജെപിക്ക് പണം സംഭാവന ചെയ്യാതിരുന്ന ചില കമ്പനികൾ സിബിഐ, ഇഡി കേസുകൾ രജിസ്റ്റർ ചെയ്‌തതിന് ശേഷം സംഭാവന നല്‍കുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
'ഇത് പ്രധാനമന്ത്രി ആസൂത്രണം ചെയ്‌ത വലിയ മോഷണമാണ്. ഇലക്‌ടറൽ ബോണ്ട് പദ്ധതിയുടെ ബുദ്ധികേന്ദ്രം നരേന്ദ്ര മോദിയാണ്. ബി.ജെ.പി സർക്കാരിന് അഴിമതി നടത്താന്‍ ദേശീയ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതിനേക്കാൾ ദേശവിരുദ്ധമായി മറ്റൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയും സിബിഐയും ബിജെപി, ആർഎസ്എസ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു, ഒരു ദിവസം ബിജെപി സർക്കാർ സ്ഥാനഭ്രഷ്ടരാകും. ശിക്ഷിക്കപ്പെടും. ഇനിയൊരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ല എന്നുള്ളത് തന്‍റെ ഗ്യാരന്‍റിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കോൺഗ്രസ് നേതാക്കളായ അശോക് ചവാനും മിലിന്ദ് ദേവ്‌റയും അടുത്തിടെ പാര്‍ട്ടി വിട്ടതിനെ പറ്റിയുള്ള ചോദ്യത്തിന്, അവർ പോയിട്ടും മഹാരാഷ്‌ട്രയില്‍ പാർട്ടി ഭദ്രമാണെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. മഹാരാഷ്‌ട്രയില്‍ കോൺഗ്രസും സഖ്യകക്ഷികളും റെക്കോർഡ് ഭൂരിപക്ഷത്തിൽ ലോക്‌സഭ സീറ്റുകൾ നേടുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 2019ൽ അമേഠിയിൽ രാഹുല്‍ ഗാന്ധി മത്സരിച്ചിരുന്നെങ്കിലും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് വയനാട്ടിൽ നിന്ന് ജയിച്ചാണ് എംപിയായത്.