ഇറ്റാനഗർ : ജാതിയുടെയും മതത്തിന്‍റെയും പേരിൽ ബിജെപി രാജ്യത്തെ വിഭജിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Bharat Jodo Nyay Yatra). രണ്ട് മാസത്തിലധികം നീളുന്ന 'ഭാരത് ജോഡോ ന്യായ് യാത്ര'ക്കിടെയാണ് ബിജെപിക്കെതിരെ രാഹുൽ ഗാന്ധിയുടെ ആരോപണം.
ജനുവരി14 ന് മണിപ്പൂരിലെ അക്രമം നടന്ന തൗബൽ ജില്ലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്‌ത 'ഭാരത് ജോഡോ ന്യായ് യാത്ര ശനിയാഴ്‌ച അസമിലെ പാപും പാരെ ജില്ലയിലെ ഗുംതോ ചെക്ക് ഗേറ്റിലൂടെ അരുണാചൽ പ്രദേശില്‍ പ്രവേശിച്ചു.
മതം, ജാതി, ഭാഷ എന്നിവയുടെ പേരിൽ ആളുകൾക്കിടയിൽ ശത്രുത വളർത്താൻ ബിജെപി പ്രേരിപ്പിക്കുന്നു. ശതകോടീശ്വരന്മാരുടെ താത്പര്യമാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത്. മോദി സർക്കാരിന്‍റെ ദുർഭരണത്തില്‍ ഇല്ലാതാകുന്നത് ദരിദ്രരുടെയും ദളിതരുടെയും താത്പര്യങ്ങളാണ്. കോൺഗ്രസ് 'ഭാരത് ജോഡോ ന്യായ് യാത്ര' ആരംഭിച്ചത് ജനങ്ങളെ ഒന്നിപ്പിക്കാനും അവരുടെ ദുരിതങ്ങളും സാമ്പത്തിക പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടാനും വേണ്ടിയാണെന്നും ദോമുഖിൽ ജനങ്ങളോട് സംവദിക്കവെ രാഹുൽ പറഞ്ഞു.
1987 ഫെബ്രുവരി 20 ന് അരുണാചൽ പ്രദേശിനെ സമ്പൂർണ സംസ്ഥാനമായി അംഗീകരിച്ചത് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ആയിരുന്നു. കോൺഗ്രസാണ് അരുണാചൽ പ്രദേശിന് സംസ്ഥാന പദവി നൽകിയത്. സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും പുരോഗതിയ്ക്കായി ഞങ്ങൾ എന്തിനും എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ നബാം തുകി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ബിജെപിയും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാന്‍ തയ്യാറാവുന്നില്ല. മാധ്യമങ്ങളും ജനങ്ങളുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ ഞങ്ങൾ മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ജനങ്ങളുടെ കഷ്‌ടപ്പാടുകളും അവരുടെ പ്രശ്‌നങ്ങളും കേൾക്കുകയാണ് - അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്‌ച രാവിലെ ഹോളോംഗി വഴി അരുണാചൽ പ്രദേശ് തലസ്ഥാനത്ത് നിന്ന് അസമിൽ തിരിച്ചെത്തുകയും അവിടെ യാത്ര പുനരാരംഭിക്കുകയും ചെയ്യും. ജനുവരി 25 വരെയാണ് അസമിൽ യാത്ര തുടരുക. അസമിലെ പര്യടനം പൂർത്തിയാകുന്നതോടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളില്‍ പ്രവേശിക്കും.
ജനുവരി 22-ന് അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് നടക്കുമ്പോൾ രാഹുൽ ഗാന്ധി അസമിലെ നഗോവൻ ജില്ലയിലെ വൈഷ്‌ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലത്ത് പ്രണാമം അർപ്പിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.