കവരത്തി (ലക്ഷദ്വീപ്) : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി നാളെ (ജൂണ്‍3) അറിയാം. ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് ലക്ഷദ്വീപ് ഭരണകൂടം സുസജ്ജം. ലക്ഷദ്വീപ് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ മുന്നൊരുക്കങ്ങളാണ് ഭരണകൂടം കവരത്തിയിൽ നടത്തിയിട്ടുള്ളത്. നാളെ രാവിലെ 8 മണിയോടെ ലക്ഷദ്വീപില്‍ വോട്ട് എണ്ണൽ ആരംഭിക്കും. ആറ് റൗണ്ടുകളിലായിട്ടാണ് ലക്ഷദ്വീപിലെ വോട്ടെണ്ണൽ നടക്കുക.
ആദ്യ റൗണ്ടിൽ ബിത്ര (1 ബൂത്ത്), ചെത്ത്ലാത്ത് (3 ബൂത്ത്), കിൽത്താൻ (4 ബൂത്ത്), കടമത്ത് (3 ബൂത്ത്) എന്നിവിടങ്ങളിലെ വോട്ട് എണ്ണും. രണ്ടാം റൗണ്ടിൽ കടമത്ത് (2 ബൂത്ത്), അമിനി (4 ബൂത്ത്), ആന്ത്രോത്ത് (2 ബൂത്ത്) എന്നിവിടങ്ങളിലെയും മൂന്നാം റൗണ്ടിൽ ആന്ത്രോത്ത് (7 ബൂത്ത്), കൽപ്പേനി (3 ബൂത്ത്) എന്നിവിടങ്ങളിലെയും നാലാം റൗണ്ടിൽ കൽപ്പേനി (1 ബൂത്ത്), മിനിക്കോയ് (8 ബൂത്ത്), കവരത്തി (1 ബൂത്ത്) എന്നിവിടങ്ങളിലെയും അഞ്ചാം റൗണ്ടിൽ കവരത്തി (8 ബൂത്ത്), അഗത്തി (2 ബൂത്ത്) എന്നിവിടങ്ങളിലെയും ആറാം റൗണ്ടിൽ അഗത്തി (5 ബൂത്ത്) എന്നിവിടങ്ങളിലെയും വോട്ടുകളാണ് എണ്ണുക.
കവരത്തി ഗവണ്‍മെന്‍റ് സീനിയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണുന്നതിനായി കൗണ്ടിങ് ഉദ്യോഗസ്ഥരെ നിയമിച്ച് പരിശീലനം നൽകിയിട്ടുണ്ട്. പൊലീസിന് പുറമെ മറ്റ് സായുധസേനകളും സ്ഥലത്ത് സുരക്ഷയൊരുക്കും.
വോട്ടെണ്ണല്‍ ഹാളിനകത്തും പുറത്തും സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണലിൻ്റെ റൗണ്ട് തിരിച്ചുള്ള ഫലങ്ങൾ കൗണ്ടിങ് ഹാളിൽ നിന്ന് ഇടയ്‌ക്കിടെ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ് പോർട്ടലിലേക്ക് അപ്‌ലോഡ് ചെയ്യും. വോട്ടെണ്ണലിന് ശേഷം ഇവിഎം, വിവി പാറ്റ്, തെരഞ്ഞെടുപ്പ് പേപ്പറുകൾ എന്നിവ സുരക്ഷ മുറികളിലേക്ക് മാറ്റും.