പട്യാല : ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ ഖനൂരി അതിർത്തിയിൽ മരിച്ച യുവകർഷകൻ ശുഭ്‌കരണ്‍ സിങ്ങിൻ്റെ മൃതദേഹം 8 ദിവസത്തിന് ശേഷം പോസ്‌റ്റ്‌മോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ (ബുധൻ) രാത്രിയോടെ പട്യാല രജീന്ദ്ര ആശുപത്രിയിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്. കനത്ത സുരക്ഷയിലായിരുന്നു പട്യാല രജീന്ദ്ര ആശുപത്രിയില്‍ നടപടികള്‍ (Postmortem of Shubkaran Conducted).
ശുഭ്‌കരണിന്‍റെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കൊലപാതകത്തിനുള്ള സെക്ഷൻ 302 പ്രകാരം പൊലീസ് എഫ്ആർഐ രജിസ്‌റ്റര്‍ ചെയ്‌തു. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഭട്ടിന്‍ഡയിലെ ബല്ലോ ഗ്രാമത്തിൽ നടക്കും.
കർശന സുരക്ഷ : പോസ്‌റ്റ്‌മോർട്ടം നടക്കവേ ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു. പട്യാല ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഷൗക്കത്ത് അഹമ്മദ് പാരെ അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. അഞ്ച് ഡോക്‌ടർമാരുടെ വിദഗ്‌ധ സമിതിയാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.
പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമാണ് കുടുംബാംഗങ്ങളുടെ മൊഴിയനുസരിച്ച് പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. രജീന്ദ്ര ആശുപത്രിക്ക് പുറത്ത് ആളുകൾ കൂട്ടം കൂടാതിരിക്കാൻ കർശന ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.
ഒരു കോടി രൂപ നഷ്‌ടപരിഹാരം : മരിച്ച യുവാവിൻ്റെ സംസ്‌കാരം ഇന്ന് ഭട്ടിന്‍ഡയിൽ അദ്ദേഹം ജനിച്ച ഗ്രാമത്തിൽ നടത്തുമെന്ന് ചടങ്ങിൽ കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാൾ പറഞ്ഞു. കൊലപാതകത്തിനുള്ള സെക്ഷൻ 302 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ, മരിച്ച കർഷകൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാനും കുടുംബാംഗങ്ങൾക്ക് തൊഴിൽ നൽകാനും അധികൃതർ സമ്മതിച്ചതായും ജഗ്‌ജിത് സിങ് വ്യക്തമാക്കി.
എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത ശേഷം പോസ്‌റ്റ്‌മോർട്ടം : പ്രതിഷേധ നീക്കങ്ങള്‍ ഒഴിവാക്കാൻ ബാരിക്കേഡുകള്‍ അടക്കം കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഏതാനും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും പോസ്‌റ്റ്‌മോർട്ടം നടത്താന്‍ അനുവദിക്കില്ലെന്ന് ശഠിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം എഫ്ഐആറിൻ്റെ പകർപ്പ് ലഭിച്ച ശേഷമാണ് ഇവര്‍ ശാന്തരായത്.