ന്യൂഡല്‍ഹി : പരീക്ഷാക്രമക്കേടുകളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് വിവാദവും യുജിസി നെറ്റ് റദ്ദാക്കലും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മാനസികമായി ഏറെ തകര്‍ന്നിരിക്കുന്നു. സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം പെടാപ്പാട് പെടുകയാണെന്നും രാഹുല്‍ ആരോപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആര്‍എസ്എസുകാരും ബിജെപിയും കയ്യടക്കിയിരിക്കുന്നു. ഇതിനൊരു മാറ്റമുണ്ടാകാതെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനാകില്ല. യുക്രെയ്ന്‍-റഷ്യ യുദ്ധവും ഇസ്രയേല്‍ ഗാസ യുദ്ധവും മോദി നിര്‍ത്തിവയ്‌പ്പിച്ചെന്നാണ് പറയുന്നത്. പക്ഷേ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനോ അല്ലെങ്കില്‍ അത് ചെറുക്കാന്‍ ശ്രമിക്കാനോ അദ്ദേഹത്തിന് ആകുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
ഭാരത് ജോഡോ യാത്രയില്‍ നിരവധി പേര്‍ ചോദ്യ പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് പരാതികള്‍ പറഞ്ഞിരുന്നു. വ്യാപം അഴിമതി ഇപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. മധ്യപ്രദേശിലാണ് വ്യാപം പരീക്ഷാ - നിയമന ക്രമക്കേട് അരങ്ങേറിയത്. ഇതിനെല്ലാമെതിരെ നിയമപരമായ നടപടികളാണ് ആവശ്യം. എല്ലാ പരീക്ഷകള്‍ക്കും കര്‍ശനമായ ഒരേ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിക്കും. നീറ്റിലെ ക്രമക്കേടുകള്‍ ഇപ്പോള്‍ സുപ്രീം കോടതിക്ക് മുന്നിലാണ്. ഇന്നലെ രാത്രിയാണ് യുജിസി -നെറ്റ് റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിട്ടത്. പരീക്ഷയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.