വഡോദര: ഗുജറാത്തിലെ വഡോദര സന്ദർശിക്കാന്‍ സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഒക്‌ടോബർ 28 ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി പെഡ്രോ സാഞ്ചസിനെ വ്യക്തിപരമായി സ്വീകരിക്കും. ഗുജറാത്തിലെത്തുന്ന സ്‌പാനിഷ് പ്രധാനമന്ത്രി, ടാറ്റ-എയർബസ് യൂണിറ്റിന്‍റെ ഉദ്ഘാടനം നടത്തും. തുടർന്ന് ലക്ഷ്‌മി വിലാസ് പാലസിൽ മോദിയുമായി ഔപചാരിക കൂടിക്കാഴ്‌ചയും വിരുന്നുമുണ്ടാകും.
വഡോദരയിൽ ടാറ്റ-എയർബസ് പ്ലാന്‍റ് ഉദ്ഘാടനം
2022 ഒക്‌ടോബറിൽ പ്രധാനമന്ത്രി മോദി തറക്കല്ലിട്ട എയർബസ് ഫാക്‌ടറി ഇരു നേതാക്കളും ചേര്‍ന്നാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. ഉദ്ഘാടനത്തിന് ശേഷം മോദിയും സാഞ്ചസും ലക്ഷ്‌മി വിലാസ് പാലസിലേക്ക് പോകും. ഇവിടെ ഔപചാരിക ഉഭയകക്ഷി കൂടിക്കാഴ്‌ചയുണ്ടാകും. രാജകീയ ഉച്ചഭക്ഷണമാണ് പാലസില്‍ പെഡ്രോ സാഞ്ചസിനായി ഒരുക്കുക.
കൊട്ടാരത്തിൽ രാജകീയ സ്വീകരണവും ഉച്ചഭക്ഷണവും
വഡോദരയില്‍ വിശിഷ്‌ടാതിഥികളെ സ്വാഗതം ചെയ്യാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ ലക്ഷ്‌മി വിലാസ് പാലസിലാണ് വിരുന്ന്. നിലവിളക്കുകളാലും അതിമനോഹരമായ കൊത്തുപണികളാലും ചിത്രങ്ങളാലും ആകർഷകമാണ് പാലസ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ കലകളും ചരിത്രവും അടുത്തറിയാൻ കൊട്ടാരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മഹാരാജ ഫത്തേസിങ് മ്യൂസിയവും സാഞ്ചസ് സന്ദർശിക്കും. ഗുജറാത്തി, പഞ്ചാബി, സ്പാനിഷ് പലഹാരങ്ങള്‍ അടങ്ങിയ വിരുന്നാണ് പാലസില്‍ ഒരുക്കുക. കൊട്ടാരത്തിലെ യൂജെനി ഹാളിലാണ് ഉച്ചഭക്ഷണം.
വിരുന്നിന്‍റെ മെനു ഇപ്രകാരം:
സ്റ്റാര്‍ട്ടര്‍: പഞ്ചാബി സാലഡ്, ഭാജിയ, ഖണ്ഡ്വി, കച്ചോരി
മെയിന്‍ കോഴ്‌സ്: ടിൻഡോള- കാഷ്യു കറി, ചോലെ, ഗുജറാത്തി വഴുതന-പയർ-തക്കാളി കറി, യോഗര്‍ട്ട് സോസിൽ വെണ്ടയ്ക്ക
ഇന്ത്യൻ ബ്രെഡുകൾ: തന്തൂരി റൊട്ടി, റുമാലി റൊട്ടി, റോട്ട്ലി, പൂരി എന്നിവ കൂടാതെ ഖിച്‌ഡി-കദി, ഗുജറാത്തി ദാൽ, മോര് എന്നിവയും വിരുന്നില്‍ വിളമ്പും. ഒടുവിൽ മധുരപലഹാരങ്ങളോടെ ഭക്ഷണം പൂർത്തിയാക്കും.
ബസുണ്ടി, റാബ്രി, രസഗുള, ഗുലാബ് ജാമുൻ, പുറൻപോളി, മൂങ് ദാൽ ഹൽവ എന്നിവയാണ് വിരുന്നിലെ മധുരങ്ങള്‍. ഇന്ത്യയിലെയും സ്പെയിനിലെയും വിഭവങ്ങളുമായി ഗുജറാത്തി രുചികൾ സമന്വയിപ്പിച്ചാണ് ഭക്ഷണം തയാറാക്കുന്നത്.
ഇന്ത്യ - സ്പെയിൻ ബന്ധത്തിന്‍റെ പാരമ്പര്യം
ഇന്ത്യയും സ്‌പെയിനും 1956-ൽ ആണ് നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. വർഷങ്ങളായി ഈ ബന്ധം ശക്തമായി തുടരുന്നുണ്ട്. 1965-ൽ സ്‌പെയിനിലെ ആദ്യ ഇന്ത്യൻ അംബാസഡറെ നിയമിച്ചു. 2009-ലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി സ്‌പെയിന്‍ സന്ദർശിക്കുന്നത്.
സ്‌പാനിഷ് പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാനും വ്യാപാരം, പ്രതിരോധം, സാംസ്‌കാരിക ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്താനുമാണ്.
Also Read: സാമ്പത്തിക ബാധ്യത; ഗുജറാത്തില്‍ ഒരു കുടുംബത്തിലെ ഒൻപത് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു