ന്യൂഡൽഹി : പശ്ചിമ ബംഗാളിലും ബിഹാറിലും കോടികളുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇന്ന് നിർവഹിക്കും. ഇന്നലെ (01.03.2024) പശ്ചിമ ബംഗാളിലെ അരംബാഗിലെത്തിയ പ്രധാനമന്ത്രി നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ഹൂഗ്ലിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ന് രാവിലെ 10.30ന് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്‌ണനഗറിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ 15,000 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
15,000 കോടി രൂപയുടെ പദ്ധതികൾ : കൃഷ്‌ണനഗറിൽ പ്രധാനമന്ത്രി വൈദ്യുതി, റെയിൽ, റോഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്യും. രാജ്യത്തെ വൈദ്യുതി മേഖലയെ ശക്തിപ്പെടുത്തിക്കൊണ്ട്, പുരുലിയ ജില്ലയിലെ രഘുനാഥ്പൂരിൽ സ്ഥിതി ചെയ്യുന്ന താപവൈദ്യുത നിലയത്തിൻ്റെ രണ്ടാം ഘട്ട നിർമാണത്തിന് (2x660 മെഗാവാട്ട്) പ്രധാനമന്ത്രി തറക്കല്ലിടും.
മെജിയ തെർമൽ പവർ സ്റ്റേഷൻ്റെ 7, 8 യൂണിറ്റുകളുടെ ഫ്ലൂ ഗ്യാസ് ഡസൾഫറൈസേഷൻ (എഫ്‌ജിഡി) സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എൻഎച്ച്-12 (100 കിലോമീറ്റർ) ഫറാക്ക-റായിഗഞ്ച് സെക്ഷനിലെ നാലുവരിപ്പാതകൾക്കായുള്ള റോഡ് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഏകദേശം 1986 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും വടക്കൻ ബംഗാളിൻ്റെയും വടക്കുകിഴക്കൻ മേഖലയുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും. ദാമോദർ - മോഹിശില റെയിൽ പാത ഇരട്ടിപ്പിക്കൽ ഉൾപ്പെടെ പശ്ചിമ ബംഗാളിൽ 940 കോടിയിലധികം രൂപയുടെ നാല് റെയിൽ പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.
ബിഹാറിൽ 21,400 കോടിയുടെ പദ്ധതികൾ : ഉച്ചയ്ക്ക് 2.30ന് ബിഹാറിലെ ഔറംഗബാദിൽ 21,400 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. സംസ്ഥാനത്തെ ദേശീയപാത ശൃംഖല ശക്തിപ്പെടുത്തിക്കൊണ്ട്, 18,100 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് നിർവഹിക്കുക.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികളിൽ എൻഎച്ച്-227-ൻ്റെ ജയനഗർ-നരഹിയ സെക്ഷൻ 63.4 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാതയും ഉൾപ്പെടുന്നു. എൻഎച്ച്-131ജിയിൽ കൻഹൗലി മുതൽ രാംനഗർ വരെയുള്ള ആറ് വരി പട്‌ന റിംഗ് റോഡിൻ്റെ ഭാഗം, കിഷൻഗഞ്ച് പട്ടണത്തിൽ നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി 3.2 കിലോമീറ്റർ നീളമുള്ള രണ്ടാമത്തെ മേൽപ്പാലം, ഭക്തിയാർപൂർ-രാജൗലിയിലെ 47 കിലോമീറ്റർ നീളമുള്ള നാലുവരിപ്പാത, എച്ച്-319ൻ്റെ 55 കിലോമീറ്റർ നീളമുള്ള അരാ - പരരിയ സെക്ഷൻ്റെ നാലുവരിപ്പാത എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റ് പദ്ധതികൾ.