ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' പുനരാരംഭിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ മൻ കി ബാത്താണ് ഇന്ന് പുനരാരംഭിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് പരിപാടിയുടെ 111-ാം പതിപ്പ് ഇന്ന് നടന്നത്.
പ്രധാനമന്ത്രിക്ക് ജനങ്ങളുമായി സംവദിക്കാനുള്ള വേദിയായ മൻ കി ബാത്തിന്‍റെ ഇന്നത്തെ എപ്പിസോഡില്‍, ദേശീയ ജനാധിപത്യ സഖ്യത്തെ (എൻഡിഎ) വീണ്ടും അധികാരത്തിലെത്തിച്ചതിന് മോദി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. ജനാധിപത്യ പ്രക്രിയയിലും ഭരണഘടനയിലും ജനങ്ങൾ തങ്ങൾക്കുള്ള അഭേദ്യമായ വിശ്വാസം തെരഞ്ഞെടുപ്പിൽ പുനസ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു.
'ഭരണഘടനയിലും രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തിലും ഉള്ള അചഞ്ചലമായ വിശ്വാസം ആവർത്തിച്ചതിന് രാജ്യക്കാർക്ക് നന്ദി പറയുന്നു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ വലിയ തെരഞ്ഞെടുപ്പായിരുന്നു. ഇത്രയും വലിയ തെരഞ്ഞെടുപ്പ് ഒരു രാജ്യത്തും നടന്നിട്ടില്ല. 65 കോടി ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയതായും' പ്രധാനമന്ത്രി പറഞ്ഞു.
മൻ കി ബാത്തിന്‍റെ സംപ്രേക്ഷണം കുറച്ച് മാസത്തേക്ക് നിർത്തിവച്ചെങ്കിലും അതിന്‍റെ ആവേശം രാജ്യത്ത് തുടരുകയാണെന്നും അദ്ദേഹം പരാമർശിച്ചു. ഫെബ്രുവരി 25 ന് തെരഞ്ഞെടുപ്പ് പ്രക്രിയ കാരണം താൽക്കാലികമായി നിർത്തിയ എപ്പിസോഡ് മുതൽ തനിക്ക് ആശയവിനിമയം നഷ്‌ടപ്പെട്ടുവെന്ന് മോദി കൂട്ടിച്ചേർത്തു.
2014 ഒക്‌ടോബറിൽ ആരംഭിച്ച 'മൻ കി ബാത്ത്', ദേശീയ പ്രശ്‌നങ്ങൾ, സർക്കാർ സംരംഭങ്ങൾ, ജനങ്ങൾക്ക് പ്രചോദനം നൽകുന്ന സന്ദേശങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്‌ത് രാഷ്‌ട്രവുമായി നേരിട്ട് ബന്ധപ്പെടാൻ പ്രധാനമന്ത്രിയെ അനുവദിക്കുന്നു. 22 ഇന്ത്യൻ ഭാഷകളിലും 29 ഉപഭാഷകളിലും ഫ്രഞ്ച്, ചൈനീസ്, അറബിക് ഉൾപ്പെടെ 11 വിദേശ ഭാഷകളിലും ഇത് സംപ്രക്ഷേപണം ചെയ്യുന്നു. ആകാശവാണിയുടെ 500 ലധികം സംപ്രക്ഷേപണ കേന്ദ്രങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്നു.