തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുമ്പി കുടകൾ പരാമർശിച്ച് നരേന്ദ്ര മോദി. മൂന്നു തവണ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന് ശേഷം അദ്ദേഹം നടത്തിയ ആദ്യ മൻ കി ബാത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമിക്കുന്ന കാർത്തുമ്പി കുടകളെ കുറിച്ച് പരാമർശിച്ചത്.
അട്ടപ്പാടിയിലെ വട്ടലക്കി സഹകരണ സംഘത്തെയും സംരംഭക രംഗത്തെ അവരുടെ മികവിനെയും അദ്ദേഹം എടുത്തു പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസി വനിതകൾ നിർമിക്കുന്ന കാർത്തുമ്പി കുടകൾക്ക് രാജ്യമൊട്ടാകെ വലിയ പ്രചാരവും ആവശ്യവും വർധിക്കുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.
കുടകൾക്ക് പുറമെ ഒട്ടേറെ കരകൗശല ഉൽപ്പന്നങ്ങളും ഇവിടുത്തെ വനിതകൾ നിർമിക്കുന്നുണ്ട്. കുട നിർമാണത്തിലൂടെ മൂന്നൂറോളം വനിതകളാണ് സ്വയം പര്യാപ്‌തരായത്. ഇത് സംരംഭക രംഗത്തെ സ്ത്രീകളുടെ മികവിന്‍റെ നല്ല ഉദാഹരണമാണ്. നാരീശക്തിയിലൂടെ രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്നും മോദി പറഞ്ഞു.
കുടകളും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കുക എന്നത് മാത്രമല്ല ഇവരുടെ ലക്ഷ്യം. ആദിവാസി പാരമ്പര്യവും അവരുടെ സംസ്‌കാരവും ലോകത്തെ പരിചയപ്പെടുത്തുക എന്നതുകൂടിയാണ്. പുതുതായി റീട്ടെയിൽ ഔട്ട്ലെറ്റും പരമ്പരാഗത കഫേയും തുറക്കാനുള്ള ഒരുക്കത്തിലാണ് സംഘമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
Also Read: സഹമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി