മുംബൈ: അന്തരിച്ച പ്രശസ്‌ത ഗായകന്‍ പങ്കജ് ഉധാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി അടക്കമുള്ള രാഷ്‌ട്രീയ, സിനിമ മേഖലയില്‍ പ്രമുഖര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഉധാസിന് അനുശോചനം അറിയിച്ചു. കൂടാതെ മഹേഷ് ഭട്ട്, അനുരാധ പൗഡ്‌വാൾ, അനുപ് ജലോട്ട, ദലേർ മെഹന്ദി, മാധുരി ദീക്ഷിത് നെനെ തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ ഗായകന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
'ഉധാസിന്‍റെ ആലാപനങ്ങള്‍ ആസ്വാദകരുടെ വൈകാരിക ഇടങ്ങളെ തൊട്ടുണര്‍ത്തുന്നതും ആത്മാവിനെ പുല്‍കുന്നതുമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ സംഗീതത്തിന്‍റെ വഴിവിളക്കായിരുന്നു ഉധാസ്. അദ്ദേഹത്തിന്‍റെ ഈണങ്ങള്‍ തലമുറകള്‍ക്ക് അതീതമായിരുന്നു. വര്‍ഷങ്ങളോളമുള്ള താനുമായുള്ള അദ്ദേഹത്തിന്‍റെ ഇടപെടലുകളെ താന്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്‍റെ വേർപാട് സംഗീത ലോകത്ത് ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് സൃഷ്‌ടിക്കുന്നത്.
അദ്ദേഹത്തിന്‍റെ കുടുംബത്തിനും ആരാധകരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും' പ്രധാനമന്ത്രി പറഞ്ഞു.
'ഉദാസിന്‍റ മരണം സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. "പങ്കജ് ഉദാസ് ജിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 4 പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്‍റെ കരിയർ ഇന്ത്യന്‍ സംഗീതത്തെ സമ്പന്നമാക്കി. അവിസ്മരണീയവും ശ്രുതിമധുരവുമായ ഗസലുകളാണ് അദ്ദേഹം സമ്മാനിച്ചതെന്നും' മന്ത്രി അനുരാഗ് താക്കൂര്‍ എക്‌സില്‍ കുറിച്ചു.
ഭട്ടിന്‍റെ 'നാമി'ല്‍ തുടങ്ങിയതാണ് പങ്കജിന്‍റെ വിജയ യാത്രയെന്നും സിനിമയുടെ അതിശയകരമായ വിജയത്തിന് ഗാനം വളരെ വലിയ സംഭാവന നൽകിയതെന്നും മഹേഷ് ഭട്ട് പറഞ്ഞു. പങ്കജ് മികച്ചയാളായിരുന്നുവെന്ന് അനുശോചനം രേഖപ്പെടുത്തി ഭട്ട് പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉദാസിന് സുഖമില്ലായിരുന്നുവെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്‍റെ വിയോഗം അപ്രതീക്ഷമാണെന്നും ഗായകന്‍ അനൂപ് ജലോട്ട പറഞ്ഞു. 'ഇത്രയും വേഗം അദ്ദേഹം യാത്രയായി. എനിക്ക് എന്‍റെ സുഹൃത്തിനെ നഷ്‌ടപ്പെട്ടു.ഞങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്യുമായിരുന്നു. ഞങ്ങൾ ഒരുമിച്ച് കച്ചേരികൾ നടത്തുമായിരുന്നു. ഗസലുകളെ ജനപ്രിയമാക്കിയതില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് ഒരിക്കലും മറക്കാനാകാത്തതാണെന്നും' ജലോട്ട പറഞ്ഞു.
ഉദാസിനെ ഒരു നല്ല മനുഷ്യനായിട്ടാണ് ഓർമ്മിച്ചിട്ടുള്ളതെന്ന് "മൊഹബത്, ഇനായത്, കരം", "തേരേ ഖമോഷ് ഹോട്ടോൺ സെ" തുടങ്ങി നിരവധി ഗാനങ്ങളിൽ ഉദാസിനൊപ്പം പ്രവര്‍ത്തിച്ച അനുരാധ പൗഡ്‌വാൾ പറഞ്ഞു. 'ലോകത്തിന് അദ്ദേഹം മികച്ച കലാകാരനായിരുന്നു. എന്നാല്‍ എനിക്ക് അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾ സെന്‍റ് സേവ്യേഴ്സിൽ ഒരുമിച്ച് പഠിച്ചു. തുടർന്ന് ഞങ്ങൾ രണ്ടുപേരും വ്യവസായത്തിൽ ചേർന്നു. ഞങ്ങൾ നിരവധി ജനപ്രിയ ഡ്യുയറ്റുകൾ റെക്കോർഡു ചെയ്‌തു. അവൻ ഒരു മികച്ച ഗായകനായിരുന്നു, മികച്ച കലാകാരനായിരുന്നു, വളരെ മൃദുലമായി സംസാരിക്കുന്നവനായിരുന്നു... എന്നാൽ അതിലുപരിയായി, അവൻ വളരെ നല്ല മനുഷ്യനായിരുന്നു. എല്ലാവരുമായും അദ്ദേഹം അടുപ്പത്തിലായിരുന്നുവെന്നും' അനുരാധ പൗഡ്‌വാൾ പറഞ്ഞു.
ഉദാസിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടി മാധുരി ദീക്ഷിത് നെനെ. പങ്കജിന്‍റെ ഗാനങ്ങൾ ജനഹൃദയങ്ങളിൽ എക്കാലവും നിലനിൽക്കുമെന്ന് മാധുരി പറഞ്ഞു. സംഗീത ഇതിഹാസം പങ്കജ് ഉദാസ് ജിയുടെ വേർപാടിൽ അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്‍റെ ഗസലുകൾ ലോകമെമ്പാടുമുള്ള ആളുകളുടെ ആത്മാവിനെ സ്പർശിച്ചു. അദ്ദേഹത്തിന്‍റെ ഓര്‍മകല്‍ നമ്മുടെ ഹൃദയങ്ങളിൽ എന്നേക്കും നിലനിൽക്കുമെന്നും നടി മാധുരി പറഞ്ഞു.
സൗമ്യനായ സംഗീതജ്ഞന്‍റെ മരണ വാർത്തയിൽ തന്‍റെ ഹൃദയം തകര്‍ന്നുവെന്ന് ഗായകൻ ദലേർ മെഹന്ദി പറഞ്ഞു. 'പങ്കജ്-ജി, നിങ്ങളുടെ പാട്ടുകൾ ഞങ്ങളുടെ ഓർമ്മകളിൽ മായാതെ നിൽക്കു'മെന്നും അദ്ദേഹം ഒരു എക്സില്‍ പറഞ്ഞു.
'സംഗീത ലോകത്തിന് വലിയ നഷ്‌ടം .. പങ്കജ് ഉദാസ് ജിയുടെ സംഗീതം ഭൂമിയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ സ്പർശിച്ചു. അദ്ദേഹത്തിന്‍റെ പാരമ്പര്യം എന്നേക്കും നിലനിൽക്കും. അദ്ദേഹത്തിന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അഗാധമായ അനുശോചന'മെന്നും നടൻ റിതേഷ് ദേശ്‌മുഖ് പറഞ്ഞു.
തന്‍റെ ബാല്യകാലത്തിന്‍റെ ഒരു പ്രധാന ഭാഗമായിരുന്നു ഉദാസ് എന്ന് സോനു നിഗം ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ പറഞ്ഞു. "എന്‍റെ കുട്ടിക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം ഇന്ന് നഷ്‌ടമായി. ശ്രീ പങ്കജ് ഉദാസ് ജി, ഞാൻ നിങ്ങളെ എന്നെന്നേക്കുമായി മിസ് ചെയ്യും. നിങ്ങൾ ഇനി ഇല്ലെന്ന് അറിഞ്ഞപ്പോള്‍ എന്‍റെ ഹൃദയം തേങ്ങുകയാണെന്നും നിഗം എക്‌സില്‍ പറഞ്ഞു.