ന്യൂഡല്‍ഹി : പഞ്ചാബില്‍ ഓപ്പറേഷന്‍ താമര തുടങ്ങിക്കഴിഞ്ഞെന്ന് മുതിര്‍ന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ്. കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ ഏക പാര്‍ലമെന്‍റംഗം സുശീല്‍കുമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് പരാമര്‍ശം. സര്‍ക്കാരുകളെ അട്ടിമറിക്കാനായി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്ന പ്രവര്‍ത്തനമാണ് ഓപ്പറേഷന്‍ ലോട്ടസ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാമര്‍ശിക്കുന്നത്.
പഞ്ചാബിലെ പല എഎപി എംഎല്‍എമാരെയും ഫോണില്‍ വിളിച്ച് പണം വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന് തന്നോട് അവര്‍ പറഞ്ഞതായും ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വൈ കാറ്റഗറി സുരക്ഷയും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ബിജെപിയില്‍ ചേരാനുള്ള റിങ്കുവിന്‍റെ തീരുമാനത്തെയും ഭരദ്വാജ് ചോദ്യം ചെയ്‌തു. പഞ്ചാബില്‍ 2022ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിെജപിയുടെ സ്ഥാനം നാലാമതാണ്. എഎപി, ശിരോമണി അകാലിദള്‍, കോണ്‍ഗ്രസ് എന്നിവരാണ് ബിജെപിക്ക് മുന്നില്‍ യഥാക്രമം ഉള്ളത്. ലോക്‌സഭാംഗം എന്ന നിലയിലുള്ള റിങ്കുവിന്‍റെ കാലാവധി അവസാനിച്ചിരിക്കുന്നു. ജലന്ധറിലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപി നാലാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജലന്ധര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് എഎപിയുടെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന വ്യക്തിയാണ് റിങ്കു. എന്നാല്‍ കഴിഞ്ഞ ദിവസം ഇദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയുടെ ജലന്ധര്‍ എംഎല്‍എ ശീതള്‍ അങ്കുരാലിനെയും ഒപ്പം കൂട്ടിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിട്ടാണ് എഎപിയിലേക്ക് അദ്ദേഹം കഴിഞ്ഞ വര്‍ഷം എത്തിയത്. ജലന്ധര്‍ ലോക്‌സഭ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ജനവിധി തേടുകയും ചെയ്‌തു. ലോക്‌സഭയില്‍ ബിജെപിയുടെ കടുത്ത വിമര്‍ശകനായിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു.
ബിജെപി റിങ്കുവിനെ പാര്‍ലമെന്‍റിലേക്ക് മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്. വിവിധ കക്ഷികളിലെ ശക്തരെ തങ്ങളുടെ പാളയത്തിലെത്തിച്ച് കരുത്ത് വര്‍ധിപ്പിക്കാനാണ് ബിെജപിയുടെ നീക്കം. പതിമൂന്ന് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലും ഇവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കും.
2014ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിരോധിത സിക്ക് സംഘടനയായ സിക്ക്‌സ് ഫോര്‍ ജസ്റ്റിസിന്‍റെ പ്രതിനിധികളുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്‌ച നടത്തിയെന്ന അവകാശവാദവുമായി സംഘടന തലവന്‍ ഗുര്‍പന്ത് വന്ത് സിങ് പന്നു രംഗത്ത് എത്തിയിരുന്നു. ഒരു ഭീകരന്‍റെ അവകാശവാദങ്ങള്‍ ബിജെപിയും അവരുടെ ട്രോളുകാരും ഏറ്റുപിടിക്കുന്നത് അത്യന്തം അപമാനകരമാണെന്നും ഭരദ്വാജ് ചൂണ്ടിക്കാട്ടി. ബിജെപി ദേശവിരുദ്ധരാണെന്നതിന്‍റെ തെളിവാണ് ഇത്.
ജര്‍മ്മനിയും അമേരിക്കയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യത്തില്‍ ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. കെജ്‌രിവാളിന്‍റെ കാര്യത്തില്‍ ന്യായമായ വിചാരണ വേണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചു. കെജ്‌രിവാളിന്‍റെ അറസ്റ്റിലുള്ള ഇരുരാജ്യങ്ങളുടെയും പ്രതികരണത്തില്‍ അതത് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ വിളിച്ച് വരുത്തി ഇന്ത്യ അസംതൃപ്‌തി അറിയിച്ചു.
കഴിഞ്ഞാഴ്‌ചയാണ് എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഡല്‍ഹിയിലെ റദ്ദാക്കിയ മദ്യ നയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് കെജ്‌രിവാളിന്‍റെ അറസ്റ്റ്.