കാൺപൂർ : നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്‌റ്റുകളിട്ടതിന് കാൺപൂരിൽ ഒരാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാൺപൂരിലെ ജൂഹി ലാൽ കോളനിയിൽ താമസിക്കുന്ന 50-കാരനായ അതിഖ് ഹാഷ്‌മിയെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നാണ് ബിജെപി ടിക്കറ്റില്‍ കങ്കണ മത്സരിക്കുന്നത്. നടിയെ ലക്ഷ്യമിട്ട് ഹാഷ്‌മി തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രകോപനപരമായ പോസ്‌റ്റുകൾ ഇടുന്നതായും അത് മറ്റുള്ളവരുമായി പങ്കിടുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് കിദ്വായ് നഗർ പൊലീസ് സ്‌റ്റേഷൻ്റെ ലാൽ കോളനി ഔട്ട്‌പോസ്‌റ്റ് ഇൻചാർജ് ശൈലേന്ദ്ര സിംഗ് രാഘവ് പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ആക്ഷേപകരമായ പോസ്‌റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ജൂഹി ലാൽ കോളനിയിൽ താമസിക്കുന്ന അതിഖ് ഹാഷ്‌മി എന്നയാളുടെ അക്കൗണ്ടിൽ നിന്നാണ് സന്ദേശങ്ങൾ പോസ്‌റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്‌തതെന്ന് കണ്ടെത്തി. നടിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് പുറമെ, പ്രതികൾ അവരുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും അതിനെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്‌തു.
ഹാഷ്‌മിക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് ഐടി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.