റാഞ്ചി: ജാർഖണ്ഡിൽ നീറ്റ് പരീക്ഷയില്‍ വീഴ്‌ച സംഭവിച്ചതായി വെളിപ്പെടുത്തി ഹസാരിബാഗ് എൻടിഎയുടെ സിറ്റി കോർഡിനേറ്ററും ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പാളുമായ ഡോ.എഹ്‌സാൻ ഉൽ ഹഖ്. നീറ്റ് പേപ്പർ ചോർച്ച കേസിൽ തന്‍റെ സ്‌കൂളിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിൽ മുഴുവന്‍ നിയമങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
2024 മെയ് 5ന് 7:30ന് ചോദ്യപേപ്പറുകൾ സ്‌കൂളിൽ എത്തിച്ചുവെന്നും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് പരീക്ഷ നടത്തിയതെന്നും ഡോ ഹഖ് വിശദീകരിച്ചു. ചോർച്ച ഉണ്ടായത് തന്‍റെ സ്‌കൂളിൽ നിന്നല്ല. സുരക്ഷിതമായ വാഹനം ഉപയോഗിക്കുന്നതിന് പകരം ടോട്ടോ ഇ-റിക്ഷ ഉപയോഗിച്ച് ബ്ലൂ ഡാർട്ട് കൊറിയർ സർവീസ് വഴി മെയ് 3ന് ഹസാരിബാഗിലെ എസ്ബിഐലേക്ക് ചോദ്യപേപ്പറുകൾ എത്തിച്ചു.
ഈ സമയത്തെ സുരക്ഷ വീഴ്‌ചയാണ് ക്രമക്കേടിലെ പ്രധാന ഘടകമായി കണക്കാക്കുന്നത്. കൂടാതെ പേപ്പറുകൾ സൂക്ഷിച്ചിരുന്ന ബാങ്കില്‍ സുരക്ഷ പ്രോട്ടോക്കോളുകള്‍ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഡോക്യുമെന്‍റേഷനിലും മറ്റ് നടപടിക്രമങ്ങളുമുണ്ടായ വീഴ്‌ച ഇഒയു സംഘം കണ്ടെത്തി. ട്രക്ക് വഴി ചോദ്യപേപ്പർ ബാങ്കിലെത്തിക്കാനുള്ള ചുമതല കൊറിയർ ഏജൻസിക്കായിരുന്നു. കൊറിയർ സർവീസ് സെന്‍ററിന്‍റെ ഗേറ്റിൽ ചോദ്യപേപ്പർ കിടക്കുന്നതായാണ് വീഡിയോയില്‍ കാണാനായത്. ഇതും ഗുരുതരമായ വീഴ്‌ചയാണ്.
ഇരുമ്പ് പെട്ടിക്കുള്ളിൽ അതീവ സുരക്ഷയുള്ള ഏഴ് പാളികളുള്ള പാക്കേജിങ്ങിൽ സൂക്ഷിച്ചിരിക്കുന്ന പേപ്പറുകൾ മെയ് 5ന് ഉച്ചയ്ക്ക് 1.15ന് ഡിജിറ്റലായി അൺലോക്ക് ചെയ്യേണ്ടതായിരുന്നു. എന്നാൽ ഡിജിറ്റൽ ലോക്ക് സംവിധാനത്തിലെ തകരാർ മൂലം രാജ്യവ്യാപകമായി പെട്ടികൾ തുറക്കാൻ മാനുവൽ കട്ടർ ഉപയോഗിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ചോദ്യപേപ്പറുകൾ എത്തിച്ച ട്രാൻസ്പോർട്ട് കമ്പനിയെ കുറിച്ചുള്ള സംശയവും ഡോ.ഹഖ് ചൂണ്ടിക്കാട്ടി.
സുരക്ഷിതമായ ട്രക്കിന് പകരം ഇ-റിക്ഷ ഉപയോഗിച്ചതും പേപ്പറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള കൊറിയർ കമ്പനിയുടെ അനാസ്ഥ കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും ഡോ.എഹ്‌സാൻ ഉൽ ഹഖ് ഇടിവി ഭാരതിനോട് പറഞ്ഞു.