ന്യൂഡല്‍ഹി: ദേശീയ പരീക്ഷ ഏജന്‍സി (എന്‍ടിഎ) മാറ്റിവച്ച യുജിസി നെറ്റ്, സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. യുജിസി നെറ്റ് ജൂണ്‍ 2024 പരീക്ഷകള്‍ ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ 4നും ഇടയില്‍ നടക്കും. ജോയിന്‍റ് സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ ജൂലൈ 27 വരെ നടക്കും. എന്‍സിഇടി പരീക്ഷകള്‍ ജൂലൈ 10നാണ് നടക്കുക.
എല്ലാം കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയാകും. നേരത്തെ യുജിസി നെറ്റ് പരീക്ഷകള്‍ ഓഫ് ലൈന്‍ മോഡിലായിരുന്നു. ആയൂഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷ നേരത്തെ നിശ്‌ചയിച്ച പോലെ അടുത്ത മാസം 6ന് തന്നെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ എന്‍ടിഎ വെബ്‌സൈറ്റ് (www.nta.ac.in) സന്ദര്‍ശിക്കാനും നിര്‍ദ്ദേശമുണ്ട്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റി വയ്ക്കുന്നുവെന്നാണ് നേരത്തെ എന്‍ടിഎ അറിയിച്ചിരുന്നത്.
ജൂണ്‍ 18ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി രണ്ട് ഷിഫ്റ്റുകളിലായി നടന്ന യുജിസി നെറ്റ് പരീക്ഷ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തൊട്ടടുത്ത ദിവസം തന്നെ റദ്ദാക്കുകയായിരുന്നു. പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നായിരുന്നു മന്ത്രാലയത്തിന്‍റെ വിശദീകരണം. ഈ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്.
Also Read: 'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍': സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവച്ചു