ന്യൂഡൽഹി : റെസ്റ്റോറൻ്റ് ഉടമയെ അജ്ഞാതർ വെടിവച്ചു കൊന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂരിലാണ് സംഭവം. സഞ്ജയ് സിങ് (32) ആണ് വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണശാലയിൽ നിന്ന് മടങ്ങുമ്പോളാണ് വീടിന് സമീപത്ത് വച്ച് സഞ്ജയ് സിങ് ആക്രമിക്കപ്പെട്ടത്.
സഞ്ജയ് സിങ് റോഡിൽ പരിക്കേറ്റ് കിടക്കുന്നത് അദ്ദേഹത്തിൻ്റെ ഒരു സുഹൃത്ത് കാണുകയും, ക്ഷീരസംഘം നടത്തുന്ന സഞ്ജയ് സിങ്ങിന്റെ ഇളയ സഹോദരൻ നിതിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. നിതിൻ സംഭവസ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഹനുമാൻ മന്ദിർ വാലി ഗലി സർവീസ് റോഡിന് സമീപം രക്തത്തിൽ കുളിച്ച് കിടക്കുന്ന സഞ്ജയ് സിങ്ങിനെയാണ് കണ്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു (Restaurant Owner Shot Dead In Northeast Delhi).
സഞ്ജയ് സിങ്ങിന് തലയിലും വലത് തോളിലും കൈമുട്ടിലും വയറിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ സഞ്ജയ് സിങ്ങിനെ ജഗ് പ്രവേഷ് ചന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.
ഏഴ് ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകളും, നാല് ഈയത്തിൻ്റെ കഷണങ്ങളും സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. രവീന്ദർ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഞ്ജയ് സിങ്ങിനെതിരെ നേരത്തെ കേസെടുത്തിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നത് (Restaurant Owner Shot Dead In Northeast Delhi).
'സഞ്ജയ് സിങ്ങിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. കേസിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെ'ന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.