പശ്ചിമബംഗാള്‍: വിശ്വഭാരതിക്കെതിരായ ഭൂമി തർക്ക കേസിൽ നൊബേൽ സമ്മാന ജേതാവും, സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമർത്യ സെന്നിന് അനുകൂല വിധിയുമായി കോടതി. പ്രതിചി എന്ന വീട്ടിൽ നിന്നും അമർത്യ സെന്നിനെ പുറത്താക്കാനാവില്ലെന്ന് ബിർഭും ജില്ലാ കോടതി ഉത്തരവിട്ടു (Nobel laureate Amartya Sen can't be evicted from Pratichi, says Birbhum district court).
പ്രൊഫസർ അമർത്യ സെൻ അനധികൃതമായി ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് ആരോപിച്ച് വിശ്വഭാരതി വൈസ് ചാൻസലർ ബിദ്യുത് ചക്രവർത്തിയാണ് വീട് ഒഴിയുന്നതിനായി അമർത്യ സെന്നിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ തന്‍റെ പരേതനായ പിതാവ് അശുതോഷ് സെന്നിന്‍റെ വിൽപത്രമനുസരിച്ച് ഭൂമി തന്‍റേതാണെന്ന് ചൂണ്ടിക്കാട്ടി 2023 ഏപ്രിൽ 27-ന് അമർത്യ സെൻ സൂരിയിലെ ബിർഭം ജില്ലാ കോടതിയെ സമീപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിധി അമർത്യ സെന്നിന് അനുകൂലമായി.
അമർത്യാ സെന്നിന്‍റെ പിതാവ് അശുതോഷ് സെന്‍ ശാന്തിനികേതനിലെ 'പ്രതിചി' ഭവനത്തിന് സമീപം അധിക ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന് വിശ്വഭാരതി ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രൊഫസർ അമർത്യ സെൻ ബിർഭും ജില്ലാ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യുകയും, കൂടാതെ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു.
എന്നാല്‍ പ്രൊഫസർ അമർത്യ സെന്‍ കൈവശപ്പെടുത്തിയെന്നാരോപിച്ച അധിക ഭൂമിയുടെ മതിയായ രേഖകൾ കോടതിയിൽ സമർപ്പിക്കാൻ വിശ്വഭാരതിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അമർത്യ സെന്നിനെ പുറത്താക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.