ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടന കേസില്‍ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്‌ദുല്‍ മത്തീന്‍ അഹമ്മദ് താഹെയുടെയും മുസാവിര്‍ ഹുസൈന്‍ ഷാസിബിന്‍റെയും ചിത്രങ്ങള്‍ പുറത്ത് വിട്ട് എന്‍ഐഎ. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നിനാണ് ബെംഗളൂരുവിലെ കുണ്ടലഹള്ളിയിലുള്ള രാമേശ്വരം കഫേയില്‍ സ്ഫോടനം ഉണ്ടായത്.
അബ്‌ദുല്‍ മത്തീന്‍ അഹമ്മദ് താഹ ഹിന്ദു യുവാവാണെന്നും എന്‍ഐഎ വെളിപ്പെടുത്തി. മുസാവില്‍ ഹുസൈന്‍ ഷാസിബിന്‍റെ പക്കല്‍ മുഹമ്മദ് ജുനൈദ് സയീദ് എന്ന പേരിലുള്ള വ്യാജ ഡ്രൈവിങ് ലൈസന്‍സുണ്ടെന്നും എന്‍ഐഎ വെളിപ്പെടുത്തി. ഇരുവരും വേഷം മാറിയാണ് സഞ്ചരിക്കുന്നതെന്നും എന്‍ഐഎ കരുതുന്നു. തിരിച്ചറിയാതിരിക്കാന്‍ വ്യാജ താടിയും വിഗുകളും മറ്റും ഇവര്‍ ഉപയോഗിക്കുന്നുവെന്നും സംശയമുണ്ട്.
വിഘ്നേഷ് എന്ന പേരിലുള്ള വ്യാജ ആധാര്‍ കാര്‍ഡാണ് താഹ ഉപയോഗിക്കുന്നതെന്നും എന്‍ഐഎ പറയുന്നു. ഈ വെളിപ്പെടുത്തലുകളെല്ലാം സ്ഫോടനത്തിന് പിന്നിലുള്ള ഇവരുടെ ഉദ്ദേശ്യത്തെ കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ ദിവസം സംഭവത്തിലെ മുഖ്യപ്രതി മുസാമില്‍ ഷരീഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് ഇയാളെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി. ഒരാഴ്‌ചത്തേക്ക് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.