ജബൽപൂർ: ബിജെപിക്ക് കമൽനാഥിനെ ആവശ്യമില്ലെന്നും അതിന്‍റെ വാതിലുകൾ അദ്ദേഹത്തിനായി അടച്ചിരിക്കുകയാണെന്നും മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവർഗിയ (Kailash Vijayvargiya). കമൽനാഥ് (Kamal Nath) ബിജെപിയിലേക്ക് ചേരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കമൽനാഥ് ബിജെപിയിലേക്ക് ചേരാനൊരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കമൽനാഥും മകനും ചിന്ദ്വാര എംപിയുമായ നകുൽ നാഥും കഴിഞ്ഞയാഴ്‌ച ന്യൂഡൽഹിയിൽ എത്തിയതുമുതലാണ് ഊഹാപോഹങ്ങൾക്ക് തുടക്കം. നകുൽ നാഥ് തന്‍റെ സോഷ്യൽ മീഡിയയിലെ ബയോയിൽ നിന്ന് കോൺഗ്രസ് എന്ന ഭാഗം ഒഴിവാക്കിയതാണ് അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്.
കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കമൽനാഥിൻ്റെ വിശ്വസ്‌തനായ സജ്ജൻ സിങ് വർമ്മയും നിഷേധിച്ചിരുന്നു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരിയും വാർത്തകൾ തള്ളിയിരുന്നു. കമൽനാഥ് എങ്ങും പോവുന്നില്ലെന്ന് തന്നോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുകയും ഒരു വ്യക്തിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുകയുമാണ്. കമൽനാഥിനെ കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഗൂഢാലോചനയുടെ ഭാഗമാണ്. താൻ കോൺഗ്രസുകാരനാണെന്നും കോൺഗ്രസിൽ തന്നെ തുടരുമെന്നും അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നും പട്‌വാരി വ്യക്തമാക്കി.
ഗാന്ധി കുടുംബവുമായി അദ്ദേഹത്തിന് ശക്തമായ ബന്ധം ഉണ്ട്. കോൺഗ്രസിന്‍റെ പ്രത്യയ ശാസ്‌ത്രത്തിനൊപ്പം ജീവിച്ച അദ്ദേഹം അവസാനം വരെ പാർട്ടിയിൽ തുടരും. ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ശരിയായ സമയത്ത് സംസാരിക്കുമെന്നും പട്‌വാരി പറഞ്ഞു.
തൻ്റെ രാഷ്ട്രീയ യാത്ര ആരംഭിച്ച പാർട്ടിയെ കമൽനാഥ് ഉപേക്ഷിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ പഴയ സുഹൃത്തും പാർട്ടി സഹപ്രവർത്തകനുമായ ദിഗ്‌വിജയ സിംങും ഭോപ്പാലിൽ വച്ച് പറഞ്ഞിരുന്നു.
Also read: 'കമൽനാഥ് ബിജെപിയിലേക്കില്ല, ഗൂഢാലോചനയുടെ ഭാഗം'; മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി