മുംബൈ : മഹാരാഷ്ട്രയിലെ പൂനെയിൽ കനത്ത മഴ. വിവിധ സംഭവങ്ങളിലായി നാല് പേര്‍ക്ക് ജീവന്‍ നഷ്‌ടമായി. നഗരത്തിലെ ഡെക്കാൻ മേഖലയിൽ മൂന്നുപേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. തഹ്‌മിനി ഘട്ടിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
ജില്ല ഭരണകൂടവും പൊലീസും റോഡിലെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുകയാണ്. ഇതിന് ശേഷം വാഹന ഗതാഗതത്തിനായി റോഡ് തുറന്നുകൊടുക്കുമെന്ന് പോഡ് പൊലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ മനോജ് യാദവ് പറഞ്ഞു
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളും റെസിഡൻഷ്യൽ സൊസൈറ്റികളും വെള്ളത്തിനടിയിലായി. ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പൂനെ ജില്ലയിൽ 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ മിക്ക ഭാഗങ്ങളിലും സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
പൂനെ നഗരത്തിലും വെൽഹ, മുൽഷി, ഭോർ താലൂക്കുകൾ ഉൾപ്പെടെ ജില്ലയുടെ മറ്റ് ഭാഗങ്ങളും ഖഡക്വാസ്‌ല ഉൾപ്പെടെ നിരവധി അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളായ സിൻഹഗഡ് റോഡ്, ബവ്ധാൻ, ബാനർ, ഡെക്കാൻ ജിംഖാന എന്നിവിടങ്ങളിൽ വെള്ളം ഉയര്‍ന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാൻ അഗ്നിശമന സേനയും ദുരന്തനിവാരണ സെല്ലും ശ്രമങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഖഡക്വാസ്‌ല അണക്കെട്ടിന്‍റെ വൃഷ്‌ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ റിസർവോയറിൽ നിന്ന് വെള്ളം തുറന്നുവിട്ടതായി പൂനെ ജില്ലാ കലക്‌ടർ സുഹാസ് ദിവാസെ അറിയിച്ചു.
Also Read: പ്രതീക്ഷയോടെ പത്താം നാൾ: വെല്ലുവിളിയായി മഴ; സജ്ജമായി ദൗത്യസംഘം - ARJUN RESCUE OPERATIONS