ഹൈദരാബാദ്: ആർഎസ്‌എസ് സംവരണത്തിന് എതിരാണെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമെന്ന് മേധാവി ഡോ. മോഹൻ ഭഗവത്. ആർഎസ്‌എസ് ഭരണഘടന ഉറപ്പുനൽകുന്ന സംവരണങ്ങൾക്ക് വേണ്ടി എല്ലായ്‌പ്പോഴും നിലകൊള്ളുന്ന സംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ വിദ്യാഭാരതി വിജ്ഞാന കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്‌എസ് സംവരണത്തിന് എതിരാണെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് തികച്ചും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മോഹൻ ഭഗവത് പറഞ്ഞു. ആളുകൾക്കിടയിൽ സംവരണം പ്രസംഗിക്കുകയും, എന്നാൽ യഥാർത്ഥത്തിൽ സംവരണത്തിനെതിരായവരാണ് ഇത്തരം വ്യാജ വീഡിയോയ്‌ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സംഘടനയ്‌ക്കെതിരെയുള്ള ഇത്തരം അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും ആർഎസ്‌എസ് മേധാവി വ്യക്തമാക്കി.
ആവശ്യക്കാർ ഉള്ളിടത്തോളം കാലം സംവരണം തുടരണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. വിവേചനങ്ങൾ ഇല്ലാതാകുന്നത് വരെ ജനങ്ങൾക്കിടയിൽ തുല്യത നിലനിൽക്കാനായി സംവരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'ഭരണഘടന മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നു': തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി