ദോഹ: തന്‍റെ ഖത്തര്‍ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് പുത്തന്‍ കരുത്ത് പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാണിജ്യവും നിക്ഷേപവും സാംസ്‌കാരികവും സാങ്കേതികതയുമടക്കമുള്ള മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നതായി മോദി വ്യക്തമാക്കി (modi foreign Trip).
ഖത്തര്‍ ജനതയുടെയും സര്‍ക്കാരിന്‍റെയും ആതിഥേയത്വത്തില്‍ താന്‍ നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി പിന്നീട് എക്‌സില്‍ കുറിച്ചു( Amir of Qatar Tamim bin Hamad Al Thani).
യുഎഇയും ഖത്തറും സന്ദര്‍ശിച്ച ശേഷം മോദി ഇന്ത്യയിലേക്ക് തിരിച്ചു. ബുധനാഴ്‌ച രാത്രിയാണ് യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി ഖത്തറിലെത്തിയത്. തലസ്ഥാനമായ ദോഹയില്‍ അദ്ദേഹത്തിന് ആചാരപരമായ വരവേല്‍പ്പ് നല്‍കി. ഖത്തര്‍ അമിര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനിയുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും പങ്കെടുത്തു.
ചാരവൃത്തി ആരോപിച്ച് ഖത്തര്‍ തടവിലാക്കിയ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയക്കാന്‍ പിന്തുണച്ച ഖത്തര്‍ അമീറിന് മോദി നന്ദി അറിയിച്ചു. ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശനത്തിന് മോദി ക്ഷണിക്കുകയും ചെയ്‌തു. ഇന്ത്യന്‍ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന ഖത്തര്‍ സര്‍ക്കാരിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഊര്‍ജ്ജപങ്കാളിത്തം, പ്രാദേശിക സുരക്ഷ, സാംസ്കാരിക വിനിമയം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിനയ് കത്വാര പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്‌ദുള്‍റഹ്‌മാന്‍ അല്‍ത്താനിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. പശ്ചിമേഷ്യയിലെ ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചും ഇരുരാഷ്‌ട്രത്തലവന്‍മാരും ചര്‍ച്ച നടത്തി. മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും ഇരുവരും ചൂണ്ടിക്കാട്ടി. യുഎഇയില്‍ നിരവധി തിരക്കിട്ട പരിപാടികളാണ് പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്. അബുദാബിയിലെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ഖത്തറിലെത്തിയത്.
ഇന്ത്യ മൂന്നാം ലോകസാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ്. ഇതിന്‍റെ ഭാഗമായി നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളാണ് ഖത്തറുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയില്‍ നടന്നത്. ബഹിരാകാശം, വിദ്യാഭ്യാസം, വാഹനം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കും. സ്‌മാര്‍ട്ട്സിറ്റികള്‍, നൂതന പരിസ്ഥിതിസംവിധാനങ്ങള്‍, നൈപുണ്യ മാനവവിഭവ ശേഷി എന്നിവയിലും പങ്കാളിത്തം ഉറപ്പാക്കും.
മോദിയുെട യുഎഇ , ഖത്തര്‍ സന്ദര്‍ശനം വലിയ നയതന്ത്ര വിജയമാണെന്ന് വിദേശകാര്യമമന്ത്രാലയം എക്‌സില്‍ കുറിച്ചു. മുന്‍ നാവിക സേന ഉദ്യോഗസ്ഥരെ വിട്ടയച്ചത് തന്നെയാണ് ഏറ്റവും വലിയ വിജയം. വിട്ടയച്ച എട്ടില്‍ ഏഴ് പേരും നാട്ടില്‍ തിരിച്ചെത്തി. ഒരാളുടെ തിരിച്ച് വരവിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.