ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തുടര്‍ച്ചയായ 60 വര്‍ഷത്തെ പരിണാമത്തിന്‍റെ ചരിത്രമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് പറയാനുള്ളത്. 1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കായി ഒരു പെരുമാറ്റച്ചട്ടം ആദ്യമായി രൂപപ്പെടുത്തുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം, പോളിങ്, വോട്ടെണ്ണൽ എന്നിവ ചിട്ടയായും സമാധാനപരമായും നടത്തുക, അധികാരത്തിലിരിക്കുന്ന പാർട്ടി സർക്കാർ സംവിധാനങ്ങളും സമ്പത്തും ദുരുപയോഗം ചെയ്യുന്നത് തടയുക എന്നിവയാണ് പെരുമാറ്റ ചട്ടത്തിന്‍റെ പ്രധാന ഉദ്ദേശം. പെരുമാറ്റ ചട്ടത്തിന്‍റെ മേന്മയെ സുപ്രീം കോടതി പല അവസരങ്ങളിലും എടുത്ത് പറഞ്ഞിട്ടുണ്ട്. ചട്ടം നിലവില്‍ വന്നത് മുതലുള്ള നിയമ ലംഘനം അന്വേഷിക്കാനും ശിക്ഷ വിധിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷനാണ് പൂർണ അധികാരം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുതല്‍ പ്രാബല്യത്തിൽ വരുന്ന ചട്ടം, തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ തുടരും.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പറയുന്ന, തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച 'ലീപ്പ് ഓഫ് ഫെയ്‌ത്ത്' എന്ന പുസ്‌തകത്തില്‍ പെരുമാറ്റ ചട്ടത്തിന്‍റെ നാള്‍വഴികളെ പറ്റി പ്രതിപാദിക്കുന്നുണ്ട്. 1968 സെപ്റ്റംബർ 26-ന് ആണ് 'മിനിമം കോഡ് ഓഫ് കണ്ടക്‌ട്' എന്ന പേരിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യമായി മാതൃകാപെരുമാറ്റച്ചട്ടം പുറപ്പെടുവിക്കുന്നത്. 1979, 1982, 1991 എന്നീ വർഷങ്ങളിൽ ചട്ടം പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായി. 2013 ല്‍ പെരുമാറ്റ ചട്ടം വീണ്ടും പരിഷ്‌കരിക്കപ്പെട്ടു.
1968-69 കാലത്തെ തെരഞ്ഞെടുപ്പ് സമയത്താണ് 'തെരഞ്ഞെടുപ്പ് സമയത്തെ രാഷ്‌ട്രീയ പാർട്ടികളുടെ പ്രാധാന്യവും ഉത്തരവാദിത്തങ്ങളും: പ്രചാരണ വേളയിലെ പെരുമാറ്റച്ചട്ടം പാലിക്കുന്നതിന് രാഷ്‌ട്രീയ പാർട്ടികളോട് ഒരു അഭ്യർഥന' എന്ന തലക്കെട്ടിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടം പുറത്തിറക്കുന്നത്. 1979-ല്‍, അധികാരത്തിലിരിക്കുന്ന പാർട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ഭാഗം കൂടി ചേര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടം പരിഷ്‌കരിച്ചു. അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി തങ്ങളുടെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നത് തടയുന്ന, ശക്തമായ ഒരു ചട്ടക്കൂടായിരുന്നു അത്.
ഈ സമയത്ത് മന്ത്രിമാർക്കും മറ്റ് അധികാരികൾക്കും ഒരു തരത്തിലുള്ള സാമ്പത്തിക ഗ്രാന്‍റുകളും പ്രഖ്യാപിക്കാൻ കഴിയില്ല. അധികാരത്തിലുള്ള പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിക്കാൻ പാടില്ല. കൂടാതെ, പ്രചാരണ ആവശ്യങ്ങൾക്കായി മന്ത്രിമാർക്ക് ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കാനും ചട്ടം അനുവദിക്കില്ല. ഇത്തരത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാർട്ടി, തങ്ങളുടെ ഔദ്യോഗിക പദവി പ്രചാരണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ചട്ടം ഉറപ്പാക്കുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് നിയമപരമായ പിന്തുണ നൽകണമെന്ന് 2013-ൽ ഒരു പാർലമെന്‍ററി പാനൽ ശുപാർശ ചെയ്‌തു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന തീയതി മുതൽ ചട്ടം നടപ്പിലാക്കണമെന്നും പാനൽ നിര്‍ദേശിച്ചു. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് പരിധിയിൽ പരിഷ്‌കരണം, തെരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങൾ 12 മാസത്തിനുള്ളിൽ തീർപ്പാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികൾ, സ്വതന്ത്ര എംപിമാര്‍ക്ക് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയിൽ ചേരാനുള്ള അനുമതി എന്നീ ശുപാര്‍ശകളും സമിതി മുന്നോട്ട് വച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന എസ് വൈ ഖുറൈഷി തന്‍റെ അധികാര കാലത്ത് പെരുമാറ്റ ചട്ടം നിയമ വിധേയമാക്കണമെന്ന് ശക്തമായി വാദിക്കുകയും അത് ലംഘിക്കുന്ന രാഷ്‌ട്രീയക്കാർക്കെതിരെ കർശന നിയമ നടപടികൾ നിർദേശിക്കുകയും ചെയ്‌തിരുന്നു.
മാതൃകാ പെരുമാറ്റച്ചട്ടത്തിലെ പ്രധാന വ്യവസ്ഥകള്‍ ഇനി പറയുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുത്. അഥവാ സ്ഥലം മാറ്റം അനിവാര്യമാണെങ്കില്‍ മുന്‍കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വാങ്ങണം.സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്തുന്ന യാതൊരു പ്രവൃത്തിയും സ്ഥാനാര്‍ത്ഥികളുടേയും നേതാക്കളുടേയും ഭാഗത്തു നിന്ന് ഉണ്ടാവരുത്. ഒരു സ്ഥാനാര്‍ത്ഥി മറ്റ് സ്ഥാനാര്‍ത്ഥിക്കെതിരേയോ പാര്‍ട്ടിക്കെതിരേയോ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കരുത്. അവഹേളനപരമായ ഭാഷ ഉപയോഗിക്കരുത്. മതത്തിന്‍റേയോ ജാതിയുടേയോ പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ടം വിലക്കുന്നു. വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നതിനേയും പെരുമാറ്റച്ചട്ടം വിലക്കുന്നു.
പതിനെട്ടാമത് ലോക്‌സഭയെ തെരഞ്ഞെടുക്കുന്നതിനുള്ള പൊതു തെരഞ്ഞെടുപ്പിന് ഇന്ത്യ ഒരുങ്ങുകയാണ്. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂൺ 16-ന് അവസാനിക്കും, അതിന് മുമ്പായി പുതിയ സഭ രൂപീകരിക്കണം. ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധിയും ജൂണിലെ വിവിധ തീയതികളിലായി അവസാനിക്കുകയാണ്.ഏഴു ഘട്ടങ്ങളിലായി 543 ലോക് സഭാ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പുകള്‍ക്കൊടുവില്‍ ജൂണ്‍ നാലിന് വോട്ടെണ്ണും. കേരളത്തില്‍ ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മാർച്ച് 10 ന് ആയിരുന്നു പ്രഖ്യാപിച്ചത്. ഏപ്രിൽ 11 മുതൽ ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23 നായിരുന്നു വോട്ടെണ്ണല്‍.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ഇപ്രകാരമാണ്:
കേന്ദ്രത്തിലോ സംസ്ഥാനത്തിലോ അധികാരത്തിലുള്ള പാർട്ടികൾക്കുള്ള നിർദ്ദേശങ്ങള്‍
- മന്ത്രിമാർ തങ്ങളുടെ ഔദ്യോഗിക സന്ദർശനങ്ങളെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി കൂട്ടിയിണക്കരുത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനങ്ങൾ, യന്ത്രസാമഗ്രികൾ, ഉദ്യോഗസ്ഥർ തുടങ്ങിവ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
- പൊതു മൈതാനങ്ങളും തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്തുന്ന ഇടങ്ങളും ഹെലിപാഡുകൾ ഉപയോഗിക്കുന്നതും ഭരിക്കുന്ന പാര്‍ട്ടി കുത്തകയാക്കി വയ്ക്കരുത്. ഭരണകക്ഷി മറ്റ് പാർട്ടികളെയും സ്ഥാനാർത്ഥികളെയും ഈ ഇടങ്ങളും സൗകര്യങ്ങളും ഉപയോഗിക്കാൻ അനുവദിക്കണം.
- റസ്റ്റ് ഹൗസുകൾ, സർക്കാർ ബംഗ്ലാവുകൾ, സർക്കാര്‍ നടത്തുന്നതോ സർക്കാർ ഉടമസ്ഥതയിലോ ഉള്ളതായ താമസ സ്ഥലങ്ങളിലും ഇതേ നിബന്ധന ബാധകമാണ്. എങ്കിലും ഇത്തരം ഇടങ്ങൾ പ്രചാരണ ഓഫീസായോ പ്രചാരണ ആവശ്യങ്ങൾക്കായോ പൊതുയോഗം നടത്താനോ ഉപയോഗിക്കാൻ പാടില്ലെന്ന് ചട്ടം നിർദ്ദേശിക്കുന്നു.
- തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളില്‍ പരസ്യം നൽകാൻ അധികാരത്തിലിരിക്കുന്ന പാർട്ടി സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിക്കരുത്. സര്‍ക്കാരിന്‍റെ ഔദ്യോഗിക മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കാന്‍ പാടില്ല.
- തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മന്ത്രിമാരും മറ്റ് അധികാരികളും സ്വന്തം ഫണ്ടിൽ നിന്ന് ഗ്രാന്‍റുകളും പേയ്മെന്‍റുകളും അനുവദിക്കരുതെന്ന് ചട്ടം പറയുന്നു.
- അനുവാദമില്ലാത്തവ: a)ഏതെങ്കിലും രൂപത്തിലുള്ള വാഗ്‌ദാനങ്ങളില്‍ സാമ്പത്തിക ഗ്രാന്‍റുകൾ പ്രഖ്യാപിക്കുക. b)ഏതെങ്കിലും തരത്തിലുള്ള പദ്ധതികളുടെ തറക്കല്ലിടുക(സിവിൽ സർവീസുകാർ ഒഴികെ). c)റോഡ് നിർമ്മാണം, കുടിവെള്ള സൗകര്യങ്ങൾ തുടങ്ങിയവയിലെ വാഗ്ദാനങ്ങൾ നൽകുക. d)അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ ഇടയാക്കിയേക്കാവുന്ന താൽക്കാലിക നിയമനങ്ങൾ സർക്കാർ, പൊതുസ്ഥാപനങ്ങൾ മുതലായവയിൽ നടത്തുക.
- ഒരു സ്ഥാനാർത്ഥി എന്ന നിലയിലോ വോട്ടർ എന്ന നിലയിലോ അംഗീകൃത ഏജന്‍റ് എന്ന നിലയിലോ അല്ലാതെ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പോളിംഗ് സ്റ്റേഷനിലോ വോട്ടെണ്ണൽ കേന്ദ്രത്തിലോ പ്രവേശിക്കരുത്.
രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജാഥ
- തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ച്, ജാഥ സംഘടിപ്പിക്കുന്ന പാർട്ടിയും സ്ഥാനാർത്ഥിയും റൂട്ടും സമയവും നേരത്തെ തീരുമാനിക്കണം. നിശ്ചയിച്ച പോയിന്‍റുകളില്‍ നിന്ന് മാറ്റം പാടില്ല.
- ജാഥ സംഘാടകർ ലോക്കൽ പൊലീസിനെ മുൻകൂട്ടി വിവരമറിയിക്കണം.
- ജാഥ നടത്തുന്ന പ്രദേശങ്ങളിലുള്ള നിയന്ത്രണ ഉത്തരവുകൾ സംഘാടകർ പാലിക്കേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയന്ത്രണങ്ങളോ മറ്റോ ഉണ്ടെങ്കില്‍ ഇതും പാലിക്കേണ്ടതാണ്.
- ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയില്‍ വേണം സംഘാടകർ ഘോഷയാത്ര സംഘടിപ്പിക്കാന്‍. ഡ്യൂട്ടിയിലുള്ള പോലീസും സംഘാടകരും ചേര്‍ന്ന് ട്രാഫിക് നിയന്ത്രിക്കണമെന്ന് ചട്ടം പറയുന്നു.
- ഒരേസമയം വിവിധ പാര്‍ട്ടികളുടെ റാലികൾ നടക്കുന്നുണ്ടെങ്കിൽ സംഘാടകര്‍ വിശദാംശങ്ങൾ പരസ്പരം പങ്കുവയ്ക്കണം. ഗതാഗത തടസ്സമോ സംഘര്‍ഷമോ ഉണ്ടാകാതിരിക്കാനാണ് ഇത്.
- എതിര്‍ പാർട്ടി നേതാക്കളുടെ കോലം കൊണ്ടുനടക്കുകയോ പൊതുസ്ഥലങ്ങളിലോ പ്രകടനങ്ങളിലോ അവ കത്തിക്കുന്നതോ ചട്ടം വിലക്കുന്നു.
പൊതു പെരുമാറ്റം
- വിവിധ സമുദായങ്ങള്‍,ജാതികള്‍ തമ്മില്‍ നിലവിലുള്ള ഭിന്നതകൾ വഷളാക്കാനോ പരസ്പര വിദ്വേഷം സൃഷ്ടിക്കാനോ സംഘർഷമുണ്ടാക്കുന്നതിനോ വേണ്ടി ആരും പ്രവർത്തിക്കരുതെന്ന് പെരുമാറ്റ ചട്ടം വ്യക്തമായി പറയുന്നു.
- മുൻകാല പ്രവർത്തനങ്ങള്‍, നയങ്ങള്‍, പരിപാടികള്‍ എന്നിവയിലുള്ള വിമർശനങ്ങൾ പരിമിതപ്പെടുത്താൻ ചട്ടം രാഷ്ട്രീയക്കാരോട് നിര്‍ദേശിക്കുന്നു. സ്ഥാനാർത്ഥികളുടെ സ്വകാര്യ ജീവിതത്തെ വിമർശിക്കുന്നതും ചട്ടം വിലക്കുന്നുണ്ട്.
- വോട്ട് ഉറപ്പിക്കുന്നതിന് ജാതിയോ വർഗീയ വികാരങ്ങളോ ഉപയോഗിച്ചുള്ള അഭ്യർത്ഥനകളെ ചട്ടം വിലക്കുന്നു. മസ്ജിദുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കരുത്.
- വോട്ടർമാർക്ക് കൈക്കൂലി നൽകൽ, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ആൾമാറാട്ടം, പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്ററിനുള്ളിൽ ക്യാൻവാസ് ചെയ്യൽ,
- വോട്ടെടുപ്പിന് 48 മണിക്കൂറിനുള്ളിൽ പൊതുയോഗങ്ങൾ നടത്തൽ, വോട്ടര്‍മാരെ വണ്ടിയില്‍ കയറ്റി പോളിംഗ് സ്റ്റേഷനിലെത്തിക്കുക, തിരിച്ച് കൊണ്ടുപോവുക തുടങ്ങിയ പ്രവര്‍ത്തികളും ചട്ടം വിലക്കുന്നു.
- എല്ലാ വോട്ടര്‍മാര്‍ക്കും സമാധാനപരവും തടസ്സരഹിതവുമായ ജീവിതം ചട്ടം വാഗ്‌ധാനം ചെയ്യുന്നുണ്ട്. വ്യക്തികളുടെ തിരഞ്ഞെടുപ്പില്‍ പ്രതിഷേധിച്ച് അവരുടെ വീടുകൾക്ക് മുമ്പില്‍ പ്രകടനം നടത്താനോ പിക്കറ്റിംഗുകളോ പാടില്ല.
- ഏതെങ്കിലും വ്യക്തിയുടെ ഭൂമി, കെട്ടിടം, കോമ്പൗണ്ട് മതിൽ മുതലായവയില്‍ കൊടിമരങ്ങൾ, ബാനറുകൾ, നോട്ടീസ് എന്നിവ സ്ഥാപിക്കുന്നതിനും മുദ്രാവാക്യങ്ങൾ എഴുതുന്നതിനും മുമ്പ് ഉടമസ്ഥരുടെ അനുമതി തേടണം.
- രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പാർട്ടി യോഗങ്ങളിലും ജാഥകളിലും എതിര്‍ സ്ഥാനര്‍ഥികള്‍ക്ക് ബഹുമാനം നല്‍കണമെന്ന് പെരുമാറ്റ ചട്ടം പറയുന്നു. മറ്റൊരു പാർട്ടിയുടെ സമ്മേളനത്തിൽ ഒരു പാർട്ടിയുടെ ലഘുലേഖകൾ വിതരണം ചെയ്യരുതെന്നും എതിരാളികളുടെ പോസ്റ്ററുകൾ നീക്കം ചെയ്യരുതെന്നും ചട്ടം നിര്‍ദേശിക്കുന്നു. ഒരു പാർട്ടിയുടെ യോഗങ്ങൾ നടക്കുന്നിടത്തേക്ക് ജാഥകൾ നടത്താനും അനുമതി ഇല്ല.
പോളിംഗ് ദിവസം:
- സമാധാനപരവും ചിട്ടയായതുമായ പോളിംഗ് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായി സഹകരിക്കുകയും യാതൊരു തടസ്സത്തിനും ഇടയാകാതെ വോട്ടർമാർക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നത് പൂർണ സ്വാതന്ത്ര്യം ഉറപ്പാക്കുകയും വേണം.
- പാര്‍ട്ടികളുടെ അംഗീകൃത തൊഴിലാളികൾക്ക് ആവശ്യമായ എൻട്രി കാർഡുകൾ വിതരണം ചെയ്യണം.
- ഏതെങ്കിലും ചിഹ്നമോ സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പേരും ഇല്ലാതെ വെള്ള പേപ്പറിൽ ഐഡന്‍റിറ്റി സ്ലിപ്പുകൾ നൽകണം.
- വോട്ടെടുപ്പ് ദിവസത്തിലും അതിന് മുമ്പുള്ള 48 മണിക്കൂറിലും മദ്യം വിതരണം ചെയ്യാൻ പാടില്ല.
- ഏറ്റുമുട്ടലും സംഘർഷവും ഒഴിവാക്കാൻ എതിരാളികളുടെ ക്യാമ്പുകൾക്ക് സമീപവും പോളിംഗ് ബൂത്തുകൾക്ക് സമീപവും അനാവശ്യമായ ആൾക്കൂട്ടം പാടില്ല.
- സ്ഥാനാർത്ഥിയുടെ ക്യാമ്പുകളില്‍ പോസ്റ്ററുകൾ, പതാകകൾ, ചിഹ്നങ്ങൾ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രചാരണ സാമഗ്രികൾ ഒന്നുംതന്നെയില്ലെന്ന് ഉറപ്പാക്കണം. ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യരുത്.
- വോട്ടെടുപ്പ് ദിവസം അധികാരികളുമായി സഹകരിക്കുകയും വാഹനങ്ങൾ ഓടിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പാലിക്കുകയും വേണം. അനുവദനീയമായ വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
പോളിംഗ് ബൂത്തില്‍
- വോട്ടർമാർ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസ് ഇല്ലാത്ത ആർക്കും പോളിംഗ് ബൂത്തുകളിൽ പ്രവേശിക്കാന്‍ കഴിയില്ല.
- ഇവയെല്ലാം പരിശോധിച്ച് ഉറപ്പിക്കാന്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയമിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾക്കോ ഏജന്‍റുമാർക്കോ എന്തെങ്കിലും പരാതിയോ പ്രശ്‌നമോ ഉണ്ടെങ്കിൽ നിരീക്ഷകന്‍റെ ശ്രദ്ധയിൽപ്പെടുത്താം.
- also read: ലോക്‌സഭ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഏഴ് ഘട്ടങ്ങളായി പോളിങ്ങ്, തുടക്കം ഏപ്രില്‍ 19ന്, വോട്ടെണ്ണല്‍ ജൂൺ നാലിന്