റാഞ്ചി: ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിൽ ഗർഭധാരണവും പ്രസവങ്ങളും വർധിക്കുന്നു. റാഞ്ചിയിലെ ഖുന്തി ഗോത്ര മേഖലയിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ആദിവാസി പെൺകുട്ടികളാണ് ചെറുപ്രായത്തിൽ തന്നെ സർക്കാർ ആശുപത്രികളിൽ കുട്ടികളെ പ്രസവിക്കുന്നത്. ഈ പെൺകുട്ടികളിൽ ഭൂരിഭാഗവും 12-16 വയസിന് ഇടയിൽ പ്രായമുള്ളവരാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 75-80 ഓളം കൗമാരക്കാരായ പെൺകുട്ടികളാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതതെന്ന് സർക്കാർ ആശുപത്രികളിലെ രേഖകൾ സൂചിപ്പിക്കുന്നു.
മേഖലയിൽ ശൈശവ വിവാഹങ്ങൾ നടന്നതായും ഒരു സിവിൽ സർജൻ ഇടിവി ഭാരതിനോട് പറഞ്ഞു. മുർഹു മേഖലയിലെ സർക്കാർ ആശുപത്രിയിൽ അടുത്തിടെ പ്രസവിച്ചത് മൂന്ന് കൗമാരക്കാരാണ്. മരംഗഡ, ചിച്ചിഗിഡ, കൂട, സർവാദ, ലാൻഡപ്പ്, പോസിയ, ദെഹ്‌കേല തുടങ്ങിയ കറുപ്പിന്‍റെ ഉപയോഗം കൂടുതലുള്ള മേഖലകളിലാണ് ഇത്തരം പ്രസവങ്ങൾ കൂടുതലായും റിപ്പോർട്ട് ചെയ്‌തത്. വിദ്യാഭ്യാസത്തിൻ്റെ കുറവും ലഹരിവസ്‌തുക്കളുടെ ഉപയോഗവുമാകാം ഇത്തരം പ്രവണതയ്‌ക്കുള്ള പ്രധാന കാരണം.
മേഖലയിലെ കുട്ടികൾ സ്‌കൂളിൽ പോകുന്നതിനു പകരം പണം സമ്പാദിക്കാനായി കറുപ്പ് ഉത്‌പാദിക്കുന്ന വയലുകളിൽ ജോലി ചെയ്യുന്നു. അതിനാൽ തന്നെ കുട്ടികൾക്ക് മദ്യവും മയക്കുമരുന്നും എളുപ്പത്തിൽ ലഭ്യമാകുന്നുണ്ടെന്നും സിവിൽ സർജൻ നാഗേശ്വർ മാഞ്ചി പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കിടയിലെ ഗർഭധാരണത്തിന് മറ്റൊരു കാരണവുമുണ്ട്. ഗോത്രവർഗക്കാർക്കിടയിൽ പെൺകുട്ടികൾക്ക് അവരുടെ പ്രായത്തിലുള്ള ആൺകുട്ടികളുമായി ലൈവ്-ഇൻ ബന്ധം സ്ഥാപിക്കാൻ അനുവാദം നൽകുന്ന 'ഡുകു' സംസ്‌കാരവും നിലനിൽക്കുന്നുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) പോലുള്ള ശിശുസംരക്ഷണ സംവിധാനങ്ങൾ പ്രദേശത്ത് നിലവിലുണ്ടെങ്കിലും, കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ഗർഭധാരണം തടയാൻ ഇത്തരം സ്ഥാപനങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വേദനിപ്പിക്കുന്ന സത്യമാണ്.
ഡുകു സംസ്‌കാരം ആചാരത്തിൻ്റെ പേരിൽ പ്രദേശത്ത് പോക്‌സോ നിയമം നഗ്നമായി ലംഘിക്കപ്പെടുകയാണ്. ഇത്തരം കേസുകളിൽ ഉൾപ്പെട്ടവർ പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങൾ പ്രകാരം ശിക്ഷിക്കപ്പെടുമെന്നിരുന്നിട്ടും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ അജ്ഞത നടിക്കുകയാണ്. പ്രാദേശിക സർക്കാർ ആശുപത്രികളിൽ ഇത്തരം കേസുകളുടെ രേഖകൾ ഉണ്ടായിരുന്നിട്ടും ഇതിനെതിരെ ഒന്നും തന്നെ നടക്കുന്നില്ല. തെരഞ്ഞെടുപ്പിൻ്റെ ഫലം വന്നതിനു ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡെവലപ്‌മെൻ്റ് കമ്മിഷണർ ശ്യാം നാരായൺ റാം വാഗ്‌ദാനം ചെയ്‌തിരുന്നു.
Also Read: പന്ത്രണ്ടാം ക്ലാസുകാരി പ്രസവിച്ചു; ചത്തീസ്‌ഗഢിൽ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്‌പെൻഷൻ