ബലാന്‍ഗിര്‍ : അന്ധവിശ്വാസങ്ങളും അതിനൊപ്പമുള്ള അനാചാരങ്ങളും സര്‍വ സാധാരണമായ പല ഒഡിയന്‍ ഗ്രാമങ്ങളുണ്ട്. വിശേഷ ദിവസങ്ങളില്‍ അന്ധവിശ്വാസ പ്രകാരമുള്ള, കേട്ടാല്‍ ഭയക്കുന്ന പ്രത്യേക കര്‍മങ്ങള്‍ ചെയ്യുന്ന ചിലര്‍, അവയെല്ലാം ഭയക്കുന്ന അതിലേറെ പേര്‍. അത്തരമൊരു ദിവസമാണ് കടന്നുപോയത്, പൗര്‍ണമി.
ദേവിയെ പ്രതിനിധീകരിക്കുന്ന ചന്ദ്രന്‍റെ പ്രകാശിതമായ ഭാഗം പൂര്‍ണമായും ഭൂമിക്ക് അഭിമുഖമായി വരുന്ന ദിനം. വിശ്വാസികള്‍ക്ക് ഏറെ പ്രധാനമാണ് പൗര്‍ണമി. വ്രതം നോറ്റും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയും ദേവീ കടാക്ഷത്തിനായി വിശ്വാസികള്‍ ശ്രമിക്കുമ്പോള്‍ അന്ധവിശ്വാസം കൊണ്ട് ബുദ്ധികെട്ടുപോയവര്‍ അനാചാരങ്ങളെ കൂട്ടുപിടിക്കുന്നു.
ഈ കഴിഞ്ഞ പൗര്‍ണമി നാള്‍, ഒഡിഷയിലെ ബലാന്‍ഗിര്‍ ജില്ലയിലെ ജല്‍പാന്‍കേല്‍ ഗ്രാമത്തിലെ തപന്‍ ബിവറിന്‍റെ കുടുംബത്തിന് ആശങ്കയുടെ രാത്രിയായിരുന്നു. വ്യാഴാഴ്‌ച വൈകുന്നേരം മുതല്‍ മകന്‍ സോമനാഥിനെ കാണാനില്ലായിരുന്നു. മാതാപിതാക്കളും അയല്‍ക്കാരും 13 കാരനായ സോമനാഥ് ബിവറിനെ തെരഞ്ഞ് ഒരുപാടലഞ്ഞു. ഒടുക്കം പിറ്റേ ദിവസം ഝാലിയലിതി ഗ്രാമത്തിന് സമീപത്തെ കാട്ടില്‍ നിന്ന് സോമനാഥിനെ കണ്ടെത്തുമ്പോള്‍ കുട്ടി ചേതനയറ്റ നിലയിലായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'എന്‍റെ മകനെ ബലി കൊടുത്തതാണ്. അജ്ഞാതനായ ഒരാള്‍ എന്‍റെ കുട്ടിയെ കൊന്നതാണ്. പൗര്‍ണമി നാളില്‍ ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണ്' -സോമനാഥിന്‍റെ അച്ഛന്‍ തപന്‍ പറഞ്ഞു.
ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചുമൂടാനുള്ള ശ്രമവും നടന്നതായാണ് സൂചന. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് ഇതിനായി കുഴിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ ഉണ്ടെന്ന് പൊലീസും പറയുന്നു. എന്നാല്‍ ഈ ഉദ്യമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
'മതാപിതാക്കളാണ് ആദ്യം കുട്ടിയ്‌ക്കായി തെരച്ചില്‍ നടത്തിയത്. കണ്ടെത്താനാകാതെ വന്നതോടെ നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം കാട്ടില്‍ കണ്ടത്.' -നാട്ടുകാരനായ നാരായണ്‍ ഹന്‍സ് പറഞ്ഞു.
രോഷാകുലരായ നാട്ടുകാരും ബന്ധുക്കളും നൗപദ പാത ഉപരോധിച്ചു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. സംഭവത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി ഇവരെ അറിയിച്ചു. ശാസ്‌ത്രീയ സംഘവും ഡോഗ് സ്ക്വാഡും അടക്കമുള്ളവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണ്. കുടുംബവുമായി മുന്‍പ് ശത്രുതയുള്ളവരാണോ കൃത്യത്തിന് പിന്നിലെന്നും സംശയമുണ്ടെന്ന് പട്‌നഗഡ് എസ്‌ഡിപിഒ സദാനന്ദ പൂജാരി പറഞ്ഞു. കുടുംബത്തിന്‍റെ പരാതി കിട്ടിയ ഉടന്‍ തന്നെ പൊലീസ് കുട്ടിക്കായുള്ള അന്വേഷണം ആരംഭിച്ചിരുന്നു.
രാജ്യത്ത് പല സംസ്ഥാനങ്ങളില്‍ നിന്നും നരബലി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങളെല്ലാം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. എന്നിട്ടും ചിലയിടങ്ങളില്‍ ഇത് തുടരുന്നു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്ന് പൊലീസ് നിരവധി പേരെ സമാനമായ സംഭവത്തില്‍ അറസ്റ്റ് ചെയ്‌തിരുന്നു.
പതിനൊന്നുകാരന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു നടപടി. ഡിഎല്‍ പബ്ലിക് സ്‌കൂളിന് ഐശ്വര്യം ഉണ്ടാകാന്‍ വേണ്ടിയാണ് കൃതാര്‍ഹ് എന്ന കുട്ടിയെ ബലി നല്‍കിയത്. വിദ്യാലയത്തിന്‍റെ ഉടമയായിരുന്നു ഇത് ആസൂത്രണം ചെയ്‌തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയാണ് കൃത്യം നടത്തിയത്.
മാസങ്ങള്‍ക്ക് മുമ്പ് അംബാലയില്‍ ഒരു കച്ചവടക്കാരനെ ഒരു സ്‌ത്രീ കൊലപ്പെടുത്തിയിരുന്നു. ദേവി തനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഒരു മനുഷ്യനെ ബലി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു ഇവരുടെ വിചിത്ര വെളിപ്പെടുത്തല്‍. കഴിഞ്ഞ കൊല്ലം പതിനാലുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അംഗുല്‍ ജില്ലയില്‍ ഒരു പാരമ്പര്യ ചികിത്സകയേയും അവരുടെ മൂന്ന് ആണ്‍ മക്കളെയും ഒഡിഷ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 21 വരെ രാജ്യത്ത് 103 നരബലികള്‍ നടന്നു. 2015ലാണ് ഏറ്റവും കൂടുതല്‍ നരബലികള്‍ നടന്നത്. 24 പേരെയാണ് അന്ന് കൊന്ന് തള്ളിയത്. 2018ല്‍ നാല് സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഛത്തീസ്‌ഗഡില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നരബലി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. 2014നും 21നുമിടയില്‍ പതിനാല് പേരെയാണ് കൊലപ്പെടുത്തിയത്. അതേസമയം കര്‍ണാടകയില്‍ പതിമൂന്ന് പേരെയും ജാര്‍ഖണ്ഡില്‍ 11 പേരെയും കൊലപ്പെടുത്തി.