ന്യൂഡല്‍ഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ന് (ഒക്‌ടോബര്‍ 15) പാകിസ്ഥാനിലെത്തും. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാകിസ്ഥാനിൽ എത്തുന്നത്. ഷാങ്ഹായ് സഹകരണ യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കറിന്‍റെ യാത്ര.
ഇന്ന് രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി നൽകുന്ന വിരുന്നിൽ വിദേശകാര്യ മന്ത്രി പങ്കെടുക്കും. നാളെയാണ് (ഒക്‌ടോബര്‍ 16) ഷാങ്ഹായ് സഹകരണ സംഘടന യോഗം. പാകിസ്ഥാനുമായി പ്രത്യേക ചർച്ചയുണ്ടാവില്ലെന്നാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്.
ഏറ്റവും ഒടുവില്‍ 2015 ഡിസംബറില്‍ അന്നത്തെ വിദേശകാര്യമന്ത്രി ആയിരുന്ന സുഷമ സ്വരാജാണ് ഏറ്റവും ഒടുവില്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. അഫ്‌ഗാനിസ്ഥാന്‍ ഹാര്‍ട്ട് ഓഫ് ഏഷ്യ കോണ്‍ഫറന്‍സില്‍ സംബന്ധിക്കാനായിരുന്നു സുഷമ സ്വരാജ് പാകിസ്ഥാനിലെത്തിയത്. അന്ന് വിദേശകാര്യ സെക്രട്ടറി ആയിരുന്ന ജയശങ്കറും സുഷമയെ അനുഗമിച്ചിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന വേളയിലാണ് ജയശങ്കറിന്‍റെ പാകിസ്ഥാന്‍ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ലോകം ഏറെ ആകാംക്ഷയോടെയാണ് ഈ സന്ദര്‍ശനത്തെ ഉറ്റുനോക്കുന്നത്. ഇന്ത്യ-പാക് ബന്ധത്തില്‍ പുത്തന്‍ വാതിലുകള്‍ തുറക്കാന്‍ ഷങ്ഹായ് ഉച്ചകോടിക്ക് കഴിയുമോ എന്നാണ് ലോകം നിരീക്ഷിക്കുന്നത്. അതേസമയം ഇന്ത്യയിലെ ഒരു മന്ത്രിയെ ഇത്തരമൊരു ഉച്ചകോടിയിലേക്ക് അയക്കുന്നത് ശരിയാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഷങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഈ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നമ്മുടെ പ്രതിബദ്ധതയുടെ സൂചനയാണെന്ന് ഇന്ത്യയുടെ മുന്‍ സ്ഥാനപതി അശോക് സജ്ജന്‍ഹാര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യയുടെ സൃഷ്‌ടിപരമായ പങ്കാളിത്തമാണ് ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിലൂടെ ഉറപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചിരുന്നു. ഇന്ത്യക്കെതിരെയുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനാണെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നുണ്ട്.
പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരെ അമര്‍ച്ച ചെയ്യാന്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും ഇന്ത്യ ആരോപിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള പാക് ഭീകര സംഘടനകളുടെ ആക്രമണ പരമ്പര തുടരുകയാണ്. ഈ സാഹചര്യത്തില്‍ ജയശങ്കറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഈ ഉച്ചകോടി ഇന്ത്യ- പാകിസ്ഥാന്‍ ബന്ധത്തിന് മാത്രമല്ല നിര്‍ണായകമാകുക. മറിച്ച് ഇന്ത്യ-ചൈന ബന്ധത്തിലും ഏറെ പ്രാധാന്യമുള്ളതാണ്. 2017 മുതല്‍ ഷങ്ഹായ് കോര്‍പറേഷനില്‍ ഇന്ത്യ പൂര്‍ണസമയ അംഗമാണ്. ഷെങ്ഹായ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങളില്‍ ഇന്ത്യ നിരന്തരം ഇടപെടുന്നുണ്ട്. പ്രാദേശിക സുരക്ഷ, ഭീകരതക്കെതിരെയുള്ള നടപടികള്‍, സാമ്പത്തിക സഹകരണം, സാംസ്‌കാരികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ നിരന്തരം ഇടപെട്ടിരുന്നു.
ജൂലൈ 4ന് കസാകിസ്ഥാനില്‍ നടന്ന ഷങ്ഹായ് രാഷ്‌ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കെടുക്കാനായിരുന്നില്ല. തുടര്‍ച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണത്. സെപ്റ്റംബറില്‍ നടന്ന ഷെങ്ഹായ് വാണിജ്യമന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യന്‍ വാണിജ്യ സെക്രട്ടറി വാണിജ്യമന്ത്രിയെ പ്രതിനിധീകരിച്ച് ഓണ്‍ലൈനായി പങ്കെടുത്തു.