ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ അതിഥി തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേര്‍ അറസ്റ്റില്‍. മൂന്ന് പേര്‍ക്കായി തെരച്ചില്‍. കരൂര്‍ സ്വദേശിയായ വിനോദ് കുമാർ, കതിർവേൽ എന്നിവരാണ് അറസ്റ്റിലായത്. ബാലാജി, മുത്തു, കരൺരാജ് എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്.
ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവാവിന് പ്രദേശവാസികളില്‍ നിന്നും മര്‍ദനമേറ്റിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ഇതോടെയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. വംഗൽ മേഖലയിൽ കാവേരി നദിക്ക് സമീപം വിനായഗർ ക്ഷേത്രത്തിനടുത്താണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. വില്ലേജ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ വിവരമറിയിച്ചതിനെ തുടർന്ന് വംഗൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ വംഗൽ ഭാഗത്ത് നിന്ന് ഇരുചക്ര വാഹനം മോഷ്‌ടിച്ചതിന് ഇയാള്‍ക്ക് പ്രദേശവാസികളില്‍ നിന്നും മര്‍ദനമേറ്റിരുന്നതായി വിവരം ലഭിച്ചു. സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തരേന്ത്യൻ തൊഴിലാളിയാണ് മരിച്ചതെന്ന് കണ്ടെത്തി.
ഇരുചക്ര വാഹനം മോഷ്‌ടിച്ചെന്നാരോപിച്ച് ഇയാൾക്ക് മർദനമേറ്റതായി പൊലീസ് പറഞ്ഞു. യുവാവിന്‍റെ കൊലപാതകത്തിൽ പ്രദേശവാസികളായ നിരവധി പേർക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
അതേസമയം മരിച്ച യുവാവിൻ്റെ പേര് വിവരങ്ങൾ ലഭ്യമല്ല. കരൂരിലെ ഉത്തരേന്ത്യൻ തൊഴിലാളികളെ കേന്ദ്രീകരിച്ച് യുവാവിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.