ശ്രീനഗര്‍ : അവാമി ഇത്തിഹാദ് പാർട്ടിയെ (എഐപി) രൂക്ഷമായി വിമർശിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡൻ്റ് മെഹബൂബ മുഫ്‌തി രംഗത്ത്. ഷോപിയാൻ ജില്ലയിലെ പിഡിപി സ്ഥാനാർഥി യാവർ ബന്ദായ്‌ക്കും പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് വിമര്‍ശനവുമായി മെഹബൂബ മുഫ്‌തി രംഗത്തുവന്നത്. എഐപി പ്രവർത്തകർ പിഡിപി അംഗങ്ങളെ ബാറ്റൺ ഉപയോഗിച്ച് ആക്രമിച്ചതായി മുഫ്‌തി ആരോപിച്ചു.
പിഡിപി കെട്ടിപ്പടുക്കാൻ മുഫ്‌തി മുഹമ്മദ് സയീദിന് 50 വർഷം വേണ്ടിവന്നു. എന്നിട്ടും എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനുളള ശേഷി ഇപ്പോഴും പിഡിപിക്ക് ഇല്ല. പക്ഷേ എഐപി നേതാവ് തടവിലായിരുന്നിട്ടുകൂടി എഐപിക്ക് എല്ലായിടത്തും സ്ഥാനാർഥികളെ നിര്‍ത്താന്‍ കഴിഞ്ഞു. അത് എങ്ങനെയാണെന്ന് മെഹബൂബ മുഫ്‌തി ചോദിച്ചു.
എവിടെ നിന്നാണ് എഐപിക്ക് ധനസഹായം ലഭിക്കുന്നത്?. ആക്രമണം നടത്താനുളള ധൈര്യം എഐപിക്ക് ആരില്‍ നിന്നാണ് ലഭിക്കുന്നതെന്നും മെഹബൂബ മഫ്‌തി ചോദിച്ചു. തുടര്‍ച്ചയായി പിഡിപിയെ എഐപി ലക്ഷ്യമിട്ട് ആക്രമിക്കുന്നുണ്ടെന്നും മഫ്‌തി പറഞ്ഞു.
സര്‍ക്കാര്‍ എഐപിയെ പിന്തുണയ്‌ക്കുന്നതിലൂടെ മറ്റ് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ലെന്ന സൂചനയാണ് നല്‍കുന്നത്. പിഡിപി പ്രവർത്തകരെ ആക്രമിക്കാൻ എഐപി എങ്ങനെ ധൈര്യപ്പെട്ടു? എന്തുകൊണ്ടാണ് കുറ്റക്കാർക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്നും മഫ്‌തി ചോദിച്ചു.
എഐപിക്കെതിരെ ജാഗ്രത പാലിക്കണമെന്നും മഫ്‌തി പൊതുജനങ്ങളോട് പറഞ്ഞു. വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് എഐപിയുടെ ലക്ഷ്യം. ജനങ്ങൾക്ക് വേണ്ടി എന്നും നിലകൊള്ളുകയും സർക്കാരിനെതിരെ ശബ്‌ദമുയർത്തുകയും ചെയ്യുന്ന ഒരേയൊരു പാർട്ടിയാണ് പിഡിപി എന്നും അവര്‍ ഊന്നിപറഞ്ഞു.
എഐപി വക്താവ് റിയാസ് മജീദ് ഷോപ്പിയാൻ നടന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നു. മെഹബൂബ മുഫ്‌തി നുണകൾ പറഞ്ഞ് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിനെ നേരിടാൻ നിധി പെട്ടികളുടെ ആവശ്യമില്ല. മറിച്ച് ആത്മാർഥതയും നല്ല ഉദ്ദേശവും ജനങ്ങളുടെ വിശ്വാസവും മാത്രം മതി എന്നും റിയാസ് മജീദ് പ്രതികരിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പിഡിപി രാഷ്ട്രീയത്തെ പണവുമായി തുലനം ചെയ്യുന്നു. പിഡിപിയെ എല്ലായ്‌പ്പോഴും നയിക്കുന്നത് അനധികൃത ഫണ്ടുകളാണ്. എഐപി ഒരു ജനകീയ പ്രസ്ഥാനമാണ്. കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കാൻ ശ്രമിക്കുന്നവരാണ് എഐപിക്ക് പിന്തുണ നല്‍കുന്നതെന്നും മജീദ് പറഞ്ഞു. ജനങ്ങൾ തങ്ങൾക്കൊപ്പം നിന്നാൽ ജമ്മു കശ്‌മീരിൽ മാത്രമല്ല രാജ്യത്തുടനീളം ഞങ്ങൾ സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഫ്‌തികൾക്കും അബ്‌ദുല്ലമാർക്കും ഗാന്ധിമാർക്കും മാത്രമേ ഭരിക്കാൻ അവകാശമുള്ളൂ എന്നാണ് മുഫ്‌തി വിശ്വസിക്കുന്നത്. മറ്റുളളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരുമ്പോൾ തന്നെ അവരെ ഏജൻ്റുമാരായി മുദ്രകുത്തുന്നു. ജനങ്ങളുടെ ശക്തമായ പിന്തുണയിൽ എഐപി കുടുംബ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും റിയാസ് മജീദ് പറഞ്ഞു.