ഗാന്ധിനഗര്‍ : ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന മെഡിക്കല്‍ കോളജ് കെട്ടിടത്തിന്‍റെ ഒരുഭാഗം തകര്‍ന്നു. നാല് തൊഴിലാളികള്‍ക്ക് പരിക്ക്. മോര്‍ബിയില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ വെള്ളിയാഴ്‌ച (മാര്‍ച്ച് 9) രാത്രി എട്ട് മണിക്കാണ് സംഭവം.
രാത്രിയിലും കെട്ടിടത്തില്‍ നിര്‍മാണം ജോലികള്‍ നടന്നിരുന്നു. ഇതിനിടെയാണ് കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്ന് വീണത്. തകര്‍ന്ന് വീണ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ പെട്ടാണ് തൊഴിലാളികള്‍ക്ക് പരിക്കേറ്റത്.
ഒന്നാം നിലയില്‍ ജോലി ചെയ്‌ത തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ മോര്‍ബി പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു തൊഴിലാളി കൂടി കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാമഗ്രിയുടെ ഗുണമേന്മ അടക്കം പരിശോധിക്കുമെന്നും മോര്‍ബി പൊലീസ് അറിയിച്ചു.