ന്യൂഡൽഹി : ഇന്ത്യയില്‍ നിന്ന് നിർമാണ തൊഴിലിനായി ഇസ്രയേലിലേക്ക് അയക്കുന്നവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രയേൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതിവാര മാധ്യമ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
'നിങ്ങൾക്ക് അറിയുന്നത് പോലെ, നമ്മള്‍ ഇസ്രയേലുമായി ഒപ്പിട്ട മൊബിലിറ്റി കരാറിന്‍റെ ഭാഗമായി, ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ ആദ്യ ബാച്ച് പോയിരിക്കുകയാണ്. ഇസ്രയേല്‍ ഹമാസ് സംഘർഷം ആരംഭിക്കുന്നതിന് മുമ്പാണ് ഈ കരാറില്‍ ഒപ്പുവെക്കുന്നത്. അവരുടെ സുരക്ഷയില്‍ ഞങ്ങൾക്ക് ശ്രദ്ധയുണ്ട്. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഞങ്ങൾ ഇസ്രയേലി അധികാരികളോട് സംസാരിച്ചിട്ടുണ്ട്.'-ജയ്‌സ്വാള്‍ പറഞ്ഞു.
ഇസ്രയേലില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്ന്, ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരമാണ് ഇന്ത്യയില്‍ നിന്ന് തൊഴിലാളികളെ അയക്കുന്നത്. യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഗാസയിലെയും അധിനിവേശ വെസ്‌റ്റ് ബാങ്കിലെയും തൊഴിലാളികളുടെ പെർമിറ്റിൽ ഇസ്രയേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ബാച്ചില്‍ അറുപതിലധികം ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗില്ലൺ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഹമാസുമായുള്ള യുദ്ധത്തെ തുടര്‍ന്ന് പലസ്‌തീൻ തൊഴിലാളികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നിന്ന് നിര്‍മാണ തൊഴിലാളികളെ ഇസ്രയേലിലേക്ക് അയക്കുന്നത് സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ചർച്ച നടത്തിയിരുന്നു.