മുംബൈ : മറാത്ത ക്വോട്ട ആക്‌ടിവിസ്‌റ്റ് മനോജ് ജാരംഗേ പാട്ടീലിന്‍റെ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ, സംവരണത്തിനുള്ള ബില്ലിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും മറാത്ത സമുദായത്തിന് 10% സംവരണം നിർദ്ദേശിക്കുന്ന കരട് ബില്ലിനാണ് അംഗീകാരം ലഭിച്ചത് (Maratha Reservation).
നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ബില്‍ പാസാക്കാന്‍ സർക്കാർ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുമുണ്ട്. ഫെബ്രുവരി 19 മറാത്ത സംവരണത്തില്‍ നിർണായക ദിവസമായി കണക്കാക്കപ്പെടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മനോജ് ജരാംഗെ പാട്ടീലിന്‍റെ തുടർച്ചയായ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഫെബ്രുവരി 10 നാണ് മറാത്ത പ്രക്ഷോഭകൻ മനോജ് ജാരംഗേ പാട്ടീൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. ശേഷം മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ മറാത്ത സംവരണ ബില്ലുമായി ബന്ധപ്പെട്ട വിജ്ഞാപനം സംബന്ധിച്ച വിഷയം സഭയില്‍ ഉന്നയിക്കും, അതിനുശേഷം ഇരുസഭകളിലും അതേപ്പറ്റി ചർച്ച നടക്കും. അതേസമയം, ഒബിസി ക്വാട്ടയിൽ മറാത്തകൾക്ക് സംവരണം നൽകുന്നതിനെതിരെ അതിലുള്ള മറ്റ് വിഭാഗങ്ങള്‍ പ്രതിഷേധത്തിലാണ്.