ന്യൂഡല്‍ഹി: 1962-ലെ ചൈനീസ് ആക്രമണം സംബന്ധിച്ച് പരാമര്‍ശിക്കവെ 'ആരോപണം' എന്ന ഒരു വാക്കുപയോഗിച്ചതിലൂടെ വിവാദത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍. പരാമര്‍ശം നാണം കെട്ട തിരുത്തല്‍ ശ്രമമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്.
ആക്രമിച്ചെന്ന ആരോപണം എന്ന പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അദ്ദേഹം മാപ്പ് പറഞ്ഞെന്നും ജയറാം രമേഷ് പറഞ്ഞു. എന്നാല്‍ ഈ നാക്കു പിഴ സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി യാതൊരു വിശദീകരണവും ഇതുവരെ നടത്തിയിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ 2020 മെയില്‍ ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നും ജയറാം രമേഷ് ആരോപിച്ചു. വിദേശവാര്‍ത്ത ലേഖകരുടെ ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ കഴിഞ്ഞ ദിവസം വൈകിട്ട് സംസാരിക്കുമ്പോഴായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. ആരോപണം എന്ന വാക്കുപയോഗിച്ചതില്‍ താന്‍ നിര്‍വ്യാജം മാപ്പ് പറയുന്നുവെന്ന് പിന്നീട് അദ്ദേഹം തിരുത്തി. മുമ്പും പല വിവാദ പരാമര്‍ശങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. 'നെഹ്റുസ് ഫസ്റ്റ് റിക്രൂട്ട്സ്' എന്ന പുസ്‌തകത്തിന്‍റെ പ്രകാശനവേളയിലാണ് പുതിയ വിവാദ പരാമര്‍ശം അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്.
ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ മണിശങ്കറുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. നെഹ്റു ചൈനയ്ക്ക് വേണ്ടി ഐക്യരാഷ്‌ട്രസഭയിലെ സ്ഥിരാംഗത്വം എന്ന ആവശ്യം ഉപേക്ഷിച്ചു. രാഹുല്‍ ഗാന്ധി ഒരു രഹസ്യ ധാരണാപത്രം ഒപ്പിട്ട് രാജീവ് ഗാന്ധി ഫൗണ്ടേഷന് വേണ്ടി ചൈനീസ് നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ഫണ്ട് സ്വീകരിച്ചു. ചൈനാകമ്പനികള്‍ക്ക് വിപണികള്‍ കിട്ടാന്‍ വേണ്ടി റിപ്പോര്‍ട്ടുകള്‍ പടച്ച് വിട്ടു.
ഇതിന്‍റെ ഭാഗമായി സോണിയാഗാന്ധിയുടെ യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ വിപണി ചൈനീസ് ചരക്കുകള്‍ക്ക് വേണ്ടി തുരന്ന് കൊടുത്തു. ഇത് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരെ സാരമായി ബാധിച്ചു. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ചൈനീസ് ആക്രമണത്തെയും വെള്ളപൂശാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ 38, 000 ചതുരശ്ര കിലോമീറ്റര്‍ ഭൂവിഭാഗമാണ് ഈ അനധികൃത പ്രവൃത്തിയിലൂടെ ചൈന സ്വന്തമാക്കിയതെന്നും അമിത് മാളവ്യ എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസിന് എന്താണ് ഇത്രയും ചൈനാ പ്രേമമെന്നും മാളവ്യ ചോദിച്ചു.
1962 ഒക്‌ടോബര്‍ 20ന് ചൈന ഇന്ത്യയ്‌ക്കെതിരെ ആക്രമണം തുടങ്ങിയെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ജയറാം രമേഷ് എക്‌സില്‍ കുറിച്ചു. 2020 മെയില്‍ ചൈന ലഡാക്കിലും അധിനിവേശം നടത്തി. നമ്മുടെ നാല്‍പ്പതോളം സൈനികര്‍ വീരമൃത്യു വരിച്ചു. ഇപ്പോള്‍ അധികാരമൊഴിയുന്ന പ്രധാനമന്ത്രി 2020 ജൂണ്‍ 19ന് ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെ നമ്മുടെ ചര്‍ച്ചകള്‍ ദുര്‍ബലമായി. ഇന്ത്യന്‍ സൈനികരുടെ നിയന്ത്രണത്തില്‍ നിന്ന് ദെപ്‌സാങും ദെംചോക്കുമടക്കം രണ്ടായിരം ചതുരശ്ര കിലോമീറ്റര്‍ ഭൂമി അവര്‍ പിടിച്ചെടുത്തു എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.