ന്യൂഡൽഹി : 20 വയസ്സുകാരൻ സുഹൃത്തിനെ കൊലപ്പെടുത്തി. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർന്ധിച്ചത് വിസമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. മോറി ഗേറ്റിലെ ഡിഡിഎ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് യുവാവിന്‍റെ മൃതദേഹം കിടക്കുന്നതായി കശ്‌മീർ ഗേറ്റ് പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. യുവാവിന്‍റെ മുഖം തകർന്ന നിലയിലായിരുന്നു. വായിൽ നിന്ന് രക്തം വന്നിരുന്നു. ചുറ്റിലും രക്തം വാര്‍ന്നുകിടന്നിരുന്നു. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നതായി ഡി സി പി നോർത്ത് മനോജ് കുമാർ മീണ പറഞ്ഞു.
തുടര്‍ന്ന് ഫൊറൻസിക് ടീമിനെ എത്തിച്ച് സംഭവസ്ഥലത്ത് പരിശോധന നടത്തി. ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം 'സുബ്‌സി മണ്ടി' മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കശ്‌മീർ ഗേറ്റ് പരിസരത്തെ 50ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും കൊലപാതകിയെ കുറിച്ച് ആദ്യം ഒരു സൂചനയും ലഭിച്ചിരുന്നില്ല. മരണപ്പെട്ട യുവാവിനെ തിരിച്ചറിയാത്തതായിരുന്നു പ്രതിസന്ധി. തുടര്‍ന്ന് നൂറോളം പ്രദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ തേടിയാണ് ഉത്തർപ്രദേശിലെ ജലോൻ-റുദുർപുര ഗ്രാമത്തിലെ പ്രമോദ് കുമാർ ശുക്ലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
ഇയാളുടെ ഐഎംഇഐ നമ്പർ ഉപയോഗിച്ചുള്ള അന്വേഷണമാണ് വഴിത്തിരിവായത്. രാകേഷ് തോമർ എന്നയാളുടെ കടയിലെ ജോലിക്കാരനായിരുന്നു പ്രമോദ് കുമാർ ശുക്ല. ഇയാൾ കടയുടെ അടുത്ത് തന്നെയുള്ള റെയിൻ ബസേരയിൽ സുഹൃത്ത് രാജേഷിനൊപ്പമാണ് താമസിച്ചിരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, മരിച്ചയാളെ അവസാനമായി കണ്ടത് സുഹൃത്ത് രാജേഷിനോടൊപ്പമാണെന്ന് ഒരാൾ മൊഴി നല്‍കി.
ഇരുവരും തമ്മിൽ ജനുവരി 17 ന് ഡൽഹി മോറി ഗേറ്റിലെ ഡിഡിഎ പാർക്കിൽ വച്ച് വാക്കേറ്റമുണ്ടായതായും അന്വേഷണത്തിൽ പൊലീസിന് വിവരം ലഭിച്ചു(Man Killed his Friend). കൊലപാതകശേഷം ഒളിവില്‍ പോയ രാജേഷിനെ പ്രമോദ് കുമാർ ശുക്ലയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച നമ്പര്‍ ഉപയോഗിച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. ജനുവരി 26 ന് ബിഹാറിലെ പട്‌നയിൽ രാജേഷ് പിടിയിലായി. കശ്‌മീർ ഗേറ്റിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റകൃത്യം നടത്തിയതിനെ കുറിച്ച് രാജേഷ് വിവരിച്ചു.
പ്രമോദ് കുമാർ ശുക്ല സുഹൃത്തായിരുന്നെന്നും, താനുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ( Unnatural Sex) ഏർപ്പെടാൻ അയാൾ നിരന്തരം സമ്മർദ്ദം ചെലുത്തിയെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും രാജേഷ് മൊഴി നല്‍കി. ജനുവരി 17ന് ഡിഡിഎ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇരുവരും ബിയർ കുടിക്കുകയായിരുന്നു, അവിടെവച്ച് പ്രമോദ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തി. രാജേഷ് അത് നിഷേധിച്ചപ്പോൾ വാക്കേറ്റമുണ്ടാവുകയും, അത് കൊലപാതകത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും ഡിസിപി പറഞ്ഞു.
കൊലപാതകത്തിന് ശേഷം അയാളുടെ ഫോണും പോക്കറ്റിൽ ഉണ്ടായിരുന്ന പണവും എടുത്ത പ്രതി ഫോൺ 400 രൂപയ്‌ക്ക് വിൽപ്പന നടത്തി. പൊലീസിന്‍റെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനിൽ പഞ്ചാബിലെ അമൃത്സറിലേക്ക് പോയി. തുടര്‍ന്ന് ശുക്ലയിൽ നിന്ന് കൊള്ളയടിച്ച പണത്തിൽ നിന്ന് 10,000 രൂപയെടുത്ത് പുതിയ മൊബൈൽ ഫോൺ വാങ്ങി. ഇതിന്‍റെ ക്യാഷ് മെമ്മോ സ്ലിപ്പ് മൊബൈൽ ഫോൺ ഡീലറുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.