ന്യൂഡല്‍ഹി : ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡറായി വേഷം ധരിച്ച് ഡൽഹി കന്‍റോൺമെന്‍റ് ഏരിയയിലെ പാലം എയർഫോഴ്‌സ് സ്‌റ്റേഷനിൽ പ്രവേശിച്ചതിന് 39 കാരനായ ഒരാളെ വെള്ളിയാഴ്‌ച (23-02-2024) അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു (Man Arrested For Allegedly Entering Air Force Station). വിനായക് ഛദ്ദ എന്നയാളാണ് അറസ്‌റ്റിലായത്. പ്രതിക്ക് പിതാവിനെ എയർഫോഴ്‌സ് സ്‌റ്റേഷനിലെ ഡെന്‍റൽ ഹോസ്‌പിറ്റലിൽ ചികിത്സിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ബുധനാഴ്‌ചയാണ് (21-02-2024) സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത് വെസ്‌റ്റ്) രോഹിത് മീണ (Rohit Meena) പറഞ്ഞു. നിരോധിത മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ വ്യോമസേന ഉദ്യോഗസ്ഥർ പിടികൂടിയതെന്നും ഡിസിപി കൂട്ടിച്ചേർത്തു.
തിമ്മയ്യ റോഡിലെ എയർഫോഴ്‌സ് ഡെൻ്റൽ ഹോസ്‌പിറ്റലിൽ വിങ് കമാൻഡറായി വേഷമിട്ടാണ് ഇയാൾ കടന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ആദ്യ സുരക്ഷ പാളിയാണ് ഇയാൾ ലംഘിച്ചതെന്നും എന്നാൽ പിന്നീട് എയർഫോഴ്‌സ് സെക്യൂരിറ്റി സ്‌റ്റാഫ് ഇയാളെ പിടികൂടിയെന്നും രോഹിത് മീണ കൂട്ടിച്ചേർത്തു.
തുടർന്ന് വിനായക് ഛദ്ദയെ പൊലീസിന് കൈമാറുകയായിരുന്നു. നിരവധി പ്രതിരോധ ഉദ്യോഗസ്ഥരുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കുറച്ച് ലിക്വർ കാർഡുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കൻ്റോൺമെൻ്റ് ഏരിയകളിൽ സബ്‌സിഡി നിരക്കിൽ മദ്യം വാങ്ങാൻ പ്രതിരോധ ഉദ്യോഗസ്ഥർക്ക് നല്‍കുന്നതാണ് ലിക്വർ കാർഡുകൾ.
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 419 (വ്യക്തിപരമായ വഞ്ചനയ്ക്കുള്ള ശിക്ഷ), 468 (വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖയോ ഇലക്‌ട്രോണിക് രേഖയോ യഥാർഥമായി ഉപയോഗിക്കുന്നു), 474 (വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് രേഖ കൈവശം വച്ചിരിക്കുക) എന്നിവ പ്രകാരം ഇയാൾക്കെതിരെ ഡൽഹി കാൻ്റ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാജരേഖകളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിൽ സുൽത്താൻപുരിയിൽ നിന്ന് മറ്റൊരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.