പശ്ചിമ ബംഗാള്‍: കൊൽക്കത്തയിൽ ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ കേസ് അതിവേഗ കോടതി പരിഗണിക്കണമെന്ന് കൊൽക്കത്ത പൊലീസ് കമ്മിഷണർക്ക് താൻ നിർദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഡോക്‌ടര്‍മാര്‍ രാജ്യവ്യാപക പ്രതിഷേധത്തിലേക്ക് നീങ്ങിയതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമത ബാനര്‍ജി.
ഇത് തികച്ചും സങ്കടകരമായ സംഭവമാണ്. എത്രയും വേഗത്തില്‍ നടപടിയെടുക്കേണ്ടതുണ്ട്. സംഭവ സമയത്ത് ആശുപത്രിയില്‍ നഴ്‌സുമാരും സുരക്ഷ ജീവനക്കാരും ഉണ്ടായിരുന്നു. എന്നിട്ടും എങ്ങനെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളജിലെ പ്രിന്‍സിപ്പല്‍ ഇന്ന് രാജിവച്ചു. കേസില്‍ കാര്യക്ഷമമായി തന്നെ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ പ്രതിഷേധം: മെഡിക്കല്‍ കോളജിലെ ഡോക്‌ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഡിക്കൽ കോളജിലെ ഡോക്‌ടർമാർ നേരത്തെ പണിമുടക്കിലേക്ക് നീങ്ങിയിരുന്നു. കേസ് സിബിഐക്ക് വിടുക, കേസ് അതിവേഗ കോടതി പരിഗണിക്കുക, എല്ലാ ആശുപത്രികളിലും കേന്ദ്ര സംരക്ഷണ നിയമം നടപ്പാക്കാൻ സമിതി രൂപീകരിക്കുക തുടങ്ങിയവയാണ് ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന ആവശ്യം.
അതേസമയം ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി ആശുപത്രിയികളിൽ സുരക്ഷ നടപടികൾ വർധിപ്പിക്കുമെന്ന് കൊൽക്കത്ത പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രി സന്ദര്‍ശിക്കുന്നവരുടെ പേരുവിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന് നോർത്ത് ഡിസിപി അഭിഷേക് ഗുപ്‌ത പറഞ്ഞു.
രാജ്യവ്യാപകമായി ഡോക്‌ടർമാർ പണിമുടക്ക് ആഹ്വാനം ചെയ്‌തതിനെ തുടർന്ന് ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഗോഷ് രാജിവച്ചു. സോഷ്യൽ മീഡിയയിൽ തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് പ്രിൻസിപ്പൽ സ്ഥാനമൊഴിഞ്ഞതിന് ശേഷം സന്ദീപ് ഗോഷ് പ്രതികരിച്ചു. മരിച്ച ഡോക്‌ടർ തനിക്ക് മകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.