ബസിർഹത്ത് (പശ്ചിമ ബംഗാൾ): സന്ദേശ്‌ഖാലിയിലെ സ്‌ത്രീകളുടെ ദുരവസ്ഥയിൽ തന്‍റെ ഹൃദയം നുറുങ്ങിപ്പോയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിഷയത്തില്‍ ബിജെപിയുടെ ഗൂഢാലോചന വെളിച്ചത്ത് വന്നു എന്നും സ്‌ത്രീകളുടെ മാനം വെച്ച് ബിജെപി കളിക്കാൻ പാടില്ലായിരുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു. ഉടൻ സന്ദേശ്ഖാലി സന്ദർശിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.
ബാസിർഹട്ടിൽ ഒരു റാലിയെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സന്ദേശ്ഖാലി സമരക്കാരിയും ബിജെപി സ്ഥാനാർഥിയുമായ രേഖ പത്രയുമായി ഫോണിൽ സംസാരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മമത വിമര്‍ശിച്ചു. ബിജെപി ഭരണത്തിന് കീഴിലുള്ള സ്‌ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിന് ഏറ്റവും മോശം ട്രാക്ക് റെക്കോർഡാണുള്ളത് ഉള്ളതെന്നും മമത പറഞ്ഞു.
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആരെ വേണമെങ്കിലും വിളിക്കാം. അയാൾ സന്ദേശ്‌ഖാലിയില്‍ നിന്നും ഒരാളെ (രേഖാ പത്ര) വിളിച്ചിരുന്നു. എന്നാൽ രാജ്യത്തെ സ്‌ത്രീ സുരക്ഷയില്‍ ബിജെപി സർക്കാരിന്‍റെ മോശം ട്രാക്ക് റെക്കോർഡ് അദ്ദേഹം മറക്കരുത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്.'-മമത പറഞ്ഞു.
'സന്ദേശ്ഖാലിയിലെ സ്‌ത്രീകൾക്ക് സംഭവിച്ചതിലും അവർ അപമാനിക്കപ്പെട്ട രീതിയിലും ഞാൻ ഖേദിക്കുന്നു. എന്‍റെ ഹൃദയത്തിൽ നിന്ന് ഞാൻ സങ്കടം പ്രകടിപ്പിക്കുന്നു. സ്‌ത്രീകളുടെ മാനം വെച്ച് കളിക്കാൻ ആരും ധൈര്യപ്പെടരുത്. " വീഡിയോകൾ പുറത്തുവന്നില്ലായിരുന്നു എങ്കില്‍ ബിജെപി എങ്ങനെയാണ് ഗൂഢാലോചന നടത്തിയതെന്ന് ആളുകൾക്ക് ഒരിക്കലും മനസിലാകില്ലായിരുന്നു. സ്‌ത്രീകളുടെ അന്തസ് വെച്ച് ബിജെപി കളിക്കരുത്.'- മമത ബാനര്‍ജി പറഞ്ഞു. ഒരു പ്രാദേശിക ബിജെപി നേതാവ് സന്ദേശ്ഖാലിയിലെ നിരവധി സ്‌ത്രീകളോട് വെള്ള പേപ്പറുകളിൽ ഒപ്പിടാൻ പ്രേരിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പശ്ചാത്തലത്തിലാണ് മമതയുടെ പരാമർശം.