ഇംഫാൽ : ലോക്‌സഭ തെരഞ്ഞെടുപ്പ് എത്തിനിൽക്കെ മണിപ്പൂരിൽ ബിജെപി നേതാക്കൾ കോണ്‍ഗ്രസിൽ. യൈസ്‌കുൽ മുൻ എംഎൽഎ ഇലങ്‌ബാം ചന്ദ് സിങ്, ബിജെപി നേതാക്കളായ സഗോൽസെം അച്ചൗബ സിങ്, അഡ്വക്കേറ്റ് ഒയിനം ഹേമന്ത സിങ്, തൗദം ദേബദത്ത സിങ് എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ഇംഫാലിലെ കോൺഗ്രസ് ഭവനിൽ തിങ്കളാഴ്‌ച സ്വീകരണ ചടങ്ങും നടന്നു.
കോൺഗ്രസ് നേതാവ് അംഗോംച ബിമോൾ അക്കോയിജം പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തു. പണവും പേശീബലവും പോലുള്ള ബാഹ്യ സ്വാധീനങ്ങൾക്ക് വഴങ്ങാതെ മണിപ്പൂരിനോടുള്ള പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ ബിജെപി വിട്ടവരെ അക്കോയിജം സ്വാഗതം ചെയ്‌തു.
ALSO READ:ബിജെപിക്ക് തിരിച്ചടി; ഹിസാർ എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസിലേക്ക്
സംസ്ഥാനത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കുന്ന തീരുമാനങ്ങൾ പൗരന്മാർ എടുക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മണിപ്പൂരിന് അതിൻ്റെ സമഗ്രതയ്‌ക്കായി നിലകൊള്ളുന്ന സമ്പന്നമായ ചരിത്രമുണ്ട്. മണിപ്പൂരിന്‍റെ അഖണ്ഡതയ്‌ക്ക് ഭീഷണിയാകുന്ന ഏത് ശക്തികളിൽ നിന്നും സംസ്ഥാനത്തെ ഒന്നിച്ച് സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മണിപ്പൂര്‍ ജനത നേരിടുന്ന നിയന്ത്രണങ്ങളെ അദ്ദേഹം അപലപിച്ചു. സ്വന്തം ഭൂമിയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്നതിൽ നിന്ന് സംസ്ഥാന ജനതയെ പരിമിതിപ്പെടുത്തിയിരിക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.