ലഖ്‌നൗ : ഉത്തർപ്രദേശിലെ കനൗജ് ലോക്‌സഭ മണ്ഡലത്തിൽ താന്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അനന്തരവൻ തേജ് പ്രതാപ് യാദവിനെ കനൗജില്‍ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി എസ്‌പി എത്തുന്നത്.
വ്യാഴാഴ്‌ച ഉച്ചയ്ക്ക് കനൗജിൽ അഖിലേഷ് യാദവ് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് സമാജ്‌വാദി പാർട്ടി എക്‌സ് അക്കൗണ്ടിൽ പോസ്‌റ്റ് ചെയ്‌തു. വ്യാഴാഴ്‌ചയാണ് യുപിയില്‍ പത്രിക സമര്‍പ്പണം ആരംഭിക്കുക.
തിങ്കളാഴ്‌ചയാണ് തേജ് പ്രതാപ് യാദവിനെ കനൗജ് പാർലമെന്‍റ് സീറ്റിൽ പാര്‍ട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. 2014-2019 കാലയളവിൽ മെയിൻപുരിയിൽ നിന്നുള്ള എസ്‌പി എംപിയായിരുന്നു തേജ് പ്രതാപ്. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മരുമകൻ കൂടിയാണ് തേജ് പ്രദാപ്. 2000,2004,2009 തെരഞ്ഞെടുപ്പുകളില്‍ അഖിലേഷിനൊപ്പം നിന്ന മണ്ഡലമാണ് കനൗജ്.
2012-ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ ശേഷം അഖിലേഷ് യാദവ് സീറ്റ് ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഡിംപിൾ യാദവ് ഉപതെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചത്.
2014-ലും ഡിംപിൾ തന്നെ വിജയിച്ചെങ്കിലും 2019-ൽ ബിജെപിയുടെ സുബ്രത് പതക്കിനോട് തോല്‍വി വഴങ്ങേണ്ടി വന്നു. മെയിൻപുരിയിലെ കർഹാൽ നിയമസഭ സീറ്റിൽ നിന്നുള്ള എംഎൽഎയായ അഖിലേഷ് യുപി നിയമ സഭയിലെ പ്രതിപക്ഷ നേതാവാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടമായ മെയ് 13-ന് ആണ് കനൗജില്‍ വോട്ടെടുപ്പ് നടക്കുക.