ജയ്‌പൂര്‍: രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഷഹബാദ് സംരക്ഷിത മേഖലയിലെ കൊടുങ്കാട്ടിലുള്ള ഒരു ലക്ഷത്തോളം മരങ്ങള്‍ മുറിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. പുത്തന്‍ ജലവൈദ്യുത പദ്ധതിക്കാണ് മരങ്ങള്‍ മുറിച്ച് മാറ്റുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മരുസംസ്ഥാനമായ രാജസ്ഥാനിലെ ഒരു കുന്നിലാണ് 1800 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതി സ്ഥാപിക്കാനുദ്ദേശിക്കുന്നത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും വനപ്രേമികളും പ്രദേശത്തെ താമസക്കാരും ഇതിനെതിരെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മരങ്ങളെ കുരുതി കൊടുത്ത് ഇത്ര വലിയ പദ്ധതി വേണ്ടെന്നാണ് ഇവരുടെ നിലപാട്.
തങ്ങളുടെ ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമങ്ങളിലും വിഷയം വലിയ ചര്‍ച്ച ആയിട്ടുണ്ട്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി കിട്ടിയതായി കോട്ടയിലെ മുഖ്യവനപാലകന്‍ ആര്‍ കെ ഖയര്‍വ പറഞ്ഞു. എങ്കിലും പരിസ്ഥിതി സ്‌നേഹികളുടെ ആശങ്കകള്‍ ഉന്നതതലത്തിലുള്ളവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തപേശ്വര്‍ ഭട്ടി എന്ന പരിസ്ഥിതി പ്രേമി പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചു. കാടിനും വന്യജീവികള്‍ക്കും ഇതുണ്ടാക്കുന്ന ആഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കുനോയുമായി ഏറെ അടുത്ത് കിടക്കുന്ന മേഖലയാണിത്. ഭട്ടിയും മറ്റ് പരിസ്ഥിതി സ്‌നേഹികളും നിരവധിയിടങ്ങളില്‍ പരാതി നല്‍കിക്കഴിഞ്ഞു. പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭത്തിനായി വിവിധ സംഘടനകളുടെ പിന്തുണയും ഇവര്‍ ഉറപ്പാക്കിക്കഴിഞ്ഞു.
407 ഹെക്‌ടര്‍ സംരക്ഷിത വനഭൂമിയാണ് ജലവൈദ്യുത പദ്ധതിക്ക് തത്വത്തില്‍ കൈമാറിയിരിക്കുന്നത്. ഇതിന് പുറമെ തൊട്ടടുത്തുള്ള 216 ഹെക്‌ടറും കൈമാറിയിട്ടുണ്ട്. പരിസ്ഥിതിയെയും മരങ്ങളെയും സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്. വൈദ്യുതിയും വികസനവും നിര്‍ണായകമാണ്. അതേപ്രാധാന്യം തന്നെ വനത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാനും കാണിക്കണമെന്നും ചമ്പല്‍ പാര്‍ലമെന്‍റ് കണ്‍വീനര്‍ ബ്രിജേഷ് വിജയ് വര്‍ഗ്യ പറഞ്ഞു.
മേഖലയിലെ സമ്പന്നമായ ജൈവ വൈവിധ്യവും അദ്ദേഹം എടുത്ത് കാട്ടി. കരിംപുലി, കരടികള്‍, നരികള്‍, മാനുകള്‍ തുടങ്ങി വിവിധ മൃഗങ്ങള്‍ മേഖലയില്‍ അധിവസിക്കുന്നും അദ്ദേഹം വ്യക്തമാക്കി. 2019ലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024ല്‍ അനുമതി കിട്ടി.
കുനോ നദിക്ക് സമീപമാണ് ഇത് നിര്‍മ്മിക്കുന്നത്. നിര്‍ദ്ദിഷ്‌ട പദ്ധതിക്ക് സമീപം രണ്ട് വലിയ നദികളുണ്ട്. ഇവിടെ നിന്ന് ജലം പമ്പ് ചെയ്യാനാകും. ഒന്ന് കുന്നിന് മുകളിലും മറ്റൊന്ന് താഴെയുമാണ്. ഇതിന് പുറമെ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള സമയങ്ങളിലെ ആവശ്യത്തിനായി വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സൗരോര്‍ജ്ജ സംവിധാനവും ഒരുക്കും.
കുറഞ്ഞ തോതില്‍ വൈദ്യുതി ഉപയോഗിച്ച് കുന്നിന്‍മുകളിലേക്ക് വെള്ളം പമ്പുചെയ്യാനാകും. കൂടുതല്‍ ആവശ്യകതയില്ലാത്ത സമയത്ത് സൗരോര്‍ജ്ജമുപയോഗിച്ചും വെള്ളം പമ്പു ചെയ്യും. ഇതിലൂടെ വൈദ്യുതി നിരക്കിലെ അസന്തുലിതത്വം പരിഹരിക്കാനും കൂടുതല്‍ ആവശ്യമുള്ള സമയത്തും ആവശ്യം കുറഞ്ഞ സമയത്തും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുമാകുന്നു.
Also Read: ഒരിക്കല്‍ രാജ്യത്തിന് മാതൃക, ഇന്ന് പെരുവഴിയില്‍: പ്രശ്‌നം സാങ്കേതികം