ശ്രീനഗർ (ഉത്തരാഖണ്ഡ്): തെഹ്‌രി ജില്ലയിൽ ജനവാസ മേഖലയിലിറങ്ങി ആളുകളെ ആക്രമിച്ച പുലിയെ വെടിവച്ച് കൊലപ്പെടുത്തി വനം വകുപ്പ് (Leopard Shot Dead). തെഹ്‌രിയിലെ കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിലുള്ള നൈതാന ചോറസ്, ഡാങ് ഗ്രാമങ്ങളിലാണ് പുള്ളിപ്പുലി ഇറങ്ങിയത്. 11 പേരെയാണ് പുള്ളിപ്പുലി ആക്രമിച്ചത് (leopard attack in Uttarakhand). ഇതിൽ അഞ്ച് പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പുലി ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾ ഏറെ പരിഭ്രാന്തരായി. തുടർന്ന് പുലിയെ വെടിവച്ചുകൊല്ലാൻ തീരുമാനിക്കുകയായിരുന്നു. വനം വകുപ്പ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ ഇന്നലെ (ഫെബ്രുവരി 23) രാവിലെ പുലിയെ ദൗത്യ സംഘം കണ്ടെത്തി. ദേവപ്രയാഗ് എംഎൽഎ വിനോദ് കാന്താരിയുടെ വസതിക്ക് സമീപത്ത് നിന്നാണ് പുലിയെ കണ്ടെത്തിയത്. ഒരു ഹോട്ടൽ കെട്ടിടത്തിനുള്ളിൽ പുലി പ്രവേശിച്ചു. തുടർന്ന് പുലി പുറത്തേക്ക് പോകാതിരിക്കാൻ ഹോട്ടൽ ഉടമ കെട്ടിടത്തിന്‍റെ വാതിൽ അടച്ചു. എന്നാൽ പുലി ജനലിലൂടെ വയലിലേക്ക് ചാടി രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ വനം വകുപ്പിന്‍റെ ദൗത്യ സംഘം പുലിയെ പിന്തുടർന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ വെടിവച്ച് കൊലപ്പെടുത്തി. നാല് തവണ പുലിക്ക് നേരെ വെടിയുതിർത്തു.
പുലിയെ കൊന്ന സംഘത്തിന് ദേവപ്രയാഗ് എംഎൽഎ വിനോദ് കാന്താരി 15,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കീർത്തിനഗർ ഫോറസ്റ്റ് റേഞ്ചിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും ഗ്രാമവാസികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും ഡിഎഫ്ഒ പറഞ്ഞു.