ഹൈദരാബാദ് : സര്‍ക്കാര്‍ ബസിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിക്ക് പരിചരണമൊരുക്കിയത് വനിത കണ്ടക്‌ടറും വനിത യാത്രക്കാരും. ഹൈദരാബാദിലെ ബഹദൂർപുരയിൽ ടിജിഎസ്ആർടിസി ബസിലാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ മുഷിറാബാദ് ഡിപ്പോ കണ്ടക്‌ടർ സരോജയും മറ്റ് സ്‌ത്രീ യാത്രക്കാരും ചേര്‍ന്ന് സഹായിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച രാവിലെ അരംഗറിലെ മുഷിറാബാദ് ഡിപ്പോയുടെ 1Z റൂട്ട് ബസിലാണ് ശ്വേത രത്‌നം എന്ന ഗർഭിണിയായ യുവതി കയറിയത്. ആർടിസി ബസ് ബഹദൂർപുരയിലെത്തിയപ്പോഴേക്കും പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട കണ്ടക്‌ടർ ആർ സരോജ ഉടന്‍ തന്നെ വേണ്ട പരിചരണം നല്‍കി.
ബസിലുണ്ടായിരുന്ന മറ്റ് സ്‌ത്രീ യാത്രക്കാരുടെ സഹായത്തോടെ യുവതിക്ക് സുഖ പ്രസവം. പെൺകുഞ്ഞിനാണ് ശ്വേത രത്നം ജന്മം നൽകിയത്. അമ്മയേയും കുഞ്ഞിനെയും പിന്നീട് അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്‌ടറുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടല്‍ കാരണം അമ്മയും കുഞ്ഞും സുരക്ഷിതരാണ്.
സംഭവത്തിൽ ബസ് കണ്ടക്‌ടറെയും മറ്റ് യാത്രക്കാരെയും ഗതാഗത മന്ത്രി പൊന്നം പ്രഭാകർ പ്രശംസിച്ചു. അമ്മയ്ക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ ഓഫിസർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
బస్సులోనే ప్రసవం.. మహిళా కండక్టర్ మానవత్వం#TGSRTC బస్సులో పురిటి నొప్పులతో బాధపడుతున్న ఓ గర్భిణికి ఆర్టీసీ కండక్టర్ పురుడు పోసి మానవత్వం చాటుకున్నారు. #Hyderabad ముషీరాబాద్ డిపోనకు చెందిన 1 జెడ్ రూట్ బస్సులో శుక్రవారం ఉదయం శ్వేతా రత్నం అనే గర్భిణీ ఆరాంఘర్ లో ఎక్కారు. బహదూర్… pic.twitter.com/7ISJM8fDJ5
— VC Sajjanar - MD TGSRTC (@tgsrtcmdoffice) July 5, 2024
കമ്പനിയുടെ മാനേജിങ് ഡയറക്‌ടർ സജ്ജനാരും കണ്ടക്‌ടര്‍ക്ക് അഭിനന്ദനം അറിയിച്ചു. ടിജിഎസ്‌ആർടിസി ബസിൽ പ്രസവവേദന അനുഭവപ്പെട്ട സ്‌ത്രീയെ സഹായിച്ചുകൊണ്ട് ആർടിസി കണ്ടക്‌ടർ മനുഷ്യത്വം കാണിച്ചു. കണ്ടക്‌ടറുടെയും യാത്രക്കാരുടെയും സഹായം കൊണ്ട് സ്‌ത്രീ പെൺകുഞ്ഞിന് ജന്മം നൽകി. എല്ലാവർക്കും അഭിനന്ദനങ്ങൾ'- വി സി സജ്ജനാർ എക്‌സില്‍ പോസ്റ്റ് ചെയ്‌തു.