ഹൈദരാബാദ്: മോദി സർക്കാരിന്‍റെ ബജറ്റ് അവതരണ വേളയില്‍ ബജറ്റില്‍ എന്തുണ്ട് എന്നത് പോലെ തന്നെ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ ദിവസം ധരിക്കുന്ന സാരിയും (Nirmala saree on budget Day ). കൈത്തറി പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ബജറ്റ് അവതരണ വേളയില്‍ കൈത്തറി കൊണ്ട് നിര്‍മ്മിച്ച വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്‌ത സാരികളാണ് നിര്‍മല ബജറ്റ് അവതരണ വേളയില്‍ ധരിക്കാറുള്ളത്. ബംഗാളില്‍ നിന്നുള്ള ഇളംനീല നിറത്തിലുള്ള തസര്‍ പട്ടു സാരിയാണ് ഇക്കുറി നിര്‍മല ധരിച്ചത്.
രാമനീലയില്‍ തവിട്ട് നിറത്തിലുള്ള നൂലില്‍ പൂക്കള്‍ നെയ്ത പട്ടുസാരി ഏറെ ശ്രദ്ധിക്കപ്പെട്ടു. (Tussar silk saree). ബംഗാളി സ്‌ത്രീകള്‍ പരമ്പരാഗതമായി കൈകൊണ്ട് നെയ്‌തെടുക്കുന്ന സാരിയാണിത്. കിഴക്കേന്ത്യയിലെ പ്രശസ്‌തമായ കാന്ത എംബ്രോയ്ഡറിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ ചരിത്രമുണ്ടിതിന്. ബംഗാള്‍, ഒഡിഷ, ത്രിപുര സംസ്ഥാനങ്ങളില്‍ ഏറെ പ്രിയമുള്ള സാരി കൂടിയാണിത്.
ഇക്കുറി നിര്‍മല സീതാരാമൻ ഈ നിറം തെരഞ്ഞെടുത്തത് അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ സന്ദര്‍ഭത്തിലാണെന്ന് വ്യക്തമാണ്. (Finance Minister Nirmala Sitharaman). ഏറെ പ്രത്യേകതകളുള്ള പട്ടാണ് തസര്‍. മള്‍ബറി, ഓക്ക് തുടങ്ങിയ മരങ്ങളുടെ ഇല ഭക്ഷിച്ച് ജീവിക്കുന്ന പട്ടുനൂല്‍പ്പുഴുക്കള്‍ കൂട് നെയ്യുന്നു. ഈ കൂട്ടില്‍ നിന്നെടുക്കുന്ന നൂലുപയോഗിച്ചാണ് തസര്‍ പട്ട് നിര്‍മ്മിക്കുന്നത്. ഈ പട്ട് നെയ്യുന്ന സ്ഥലങ്ങള്‍ക്കനുസരിച്ച് ഇതിന്‍റെ പേരും മാറിക്കൊണ്ടിരിക്കും.
ജാര്‍ഖണ്ഡിലിത് കോസാ പട്ട് എന്ന് അറിയപ്പെടുന്നു. ബിഹാറിലെ ഭഗല്‍പൂരില്‍ ഈ പട്ട് നിര്‍മ്മിക്കുമ്പോള്‍ ഇതിനെ ഭഗല്‍പൂരി പട്ട് എന്ന് വിളിക്കുന്നു. ഇനിയും ഏറെ വൈവിധ്യമുള്ള പേരുകള്‍ ഇവയ്ക്കുണ്ട്. സ്വഭാവിക സ്വര്‍ണ നിറമുള്ള ഈ നൂലിഴകള്‍ ഏറെ ആകർഷകമാണ്. സിന്തറ്റിക് നൂലുമായി ചേര്‍ത്ത് ഇവ തുന്നിയെടുക്കുക ഏറെ ശ്രമകരമാണ്. പുറമെ പരുക്കനായി തോന്നുമെങ്കിലും ഉടുക്കാന്‍ ഏറെ സുഖപ്രദമാണ്. കാന്താ ശൈലിക്ക് ബംഗാളി കരകൗശല-കല രംഗങ്ങളില്‍ ഏറെ പ്രാധാന്യമാണുള്ളത്.
ശാന്തി നികേതന് സമീപമുള്ള ബിര്‍ഭൂമം ജില്ലയിലാണ് ഈ നെയ്ത്ത് ശൈലി ഉടലെടുത്തത്. നേരത്തെ പഴയ സാരികള്‍ ഇവര്‍ മുണ്ടുകളായും കരകളായും പുതപ്പുകളായും മാറ്റിയെടുത്തുപയോഗിച്ചിരുന്നു. പൂക്കളും മനുഷ്യരൂപങ്ങളും പഴങ്കഥകളുമെല്ലാം ഇവര്‍ ഇങ്ങനെ അതിമനോഹരമായി തുന്നിച്ചേര്‍ത്തു. ഇപ്പോഴിതെല്ലാം മോഡേണ്‍ വസ്‌ത്രങ്ങളിലും സാരികളിലും ഗൃഹാലങ്കാരവസ്‌തുക്കളിലും എല്ലാം ഉപയോഗിക്കുന്നു.