ഉദയ്‌പൂർ (രാജസ്ഥാന്‍) : കനയ്യ ലാലിന്‍റെ കുടുംബം നീതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം. ഉദയ്‌പൂരിലെ കടയിൽ വെട്ടേറ്റ് മരിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്‍റെ കുടുംബത്തിന് ഇതുവരെ നീതി ലഭിച്ചിട്ടില്ല. 2022 ജൂൺ 28 ന് തന്‍റെ കടയിൽ ജോലി ചെയ്യുമ്പോഴാണ് പട്ടാപ്പകൽ രണ്ട് പേർ ചേർന്ന് കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികൾ കൊലപാതക ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്‌തത് രാജ്യം ഞെട്ടലോടെയാണ് കണ്ടത്. രണ്ട് വർഷം കൊണ്ട് തങ്ങളുടെ ജീവിതം തകർന്നുവെന്ന് കനയ്യ ലാലിന്‍റെ ഭാര്യ പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചാലേ അച്ഛന്‍റെ ആത്മാവിന് ശാന്തി ലഭിക്കൂവെന്ന് മക്കൾ പറയുന്നു. പ്രതികൾ ശിക്ഷിക്കപ്പെടുന്നത് വരെ ചെരിപ്പിടുകയോ മുടി മുറിക്കുകയോ ചെയ്യില്ലെന്ന് കനയ്യ ലാലിന്‍റെ മൂത്ത മകൻ യാഷ് പ്രതിജ്ഞയെടുത്തു.
കനയ്യ ലാലിന്‍റെ ചിതാഭസ്‌മം ഇപ്പോഴും വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതികൾക്ക് ശിക്ഷ ലഭിക്കുന്ന ദിവസം ചിതാഭസ്‌മം ഗംഗയിൽ നിമജ്ജനം ചെയ്യണമെന്നാണ് കുടുംബത്തിന്‍റെ ആഗ്രഹം. മൂന്നോ ആറോ മാസത്തിനുള്ളിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ രണ്ട് വർഷം പിന്നിട്ടെന്നും നീതിക്കായി കാത്തിരിക്കുകയാണെന്നും യാഷ് പറഞ്ഞു.
കനയ്യ ലാൽ വധക്കേസ് ദേശീയ അന്വേഷണ ഏജൻസിയാണ് (എൻഐഎ) അന്വേഷിക്കുന്നത്. കുടുംബത്തിന് പൊലീസ് സംരക്ഷണം നൽകുന്നുണ്ട്. രാജസ്ഥാനിലേക്ക് പോകുന്നതിനും മടങ്ങുന്നതിനും മുമ്പ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതുണ്ടെന്ന് കനയ്യയുടെ മകൻ പറഞ്ഞു. 24 മണിക്കൂറും വീടിന് പുറത്ത് പൊലീസ് കാവലുണ്ട്. ജോലി സ്ഥലത്തേക്കും പൊലീസ് ഒപ്പം പോകാറുണ്ട്.