ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിന് കീഴില്‍ ഇന്ത്യാ സഖ്യം പരാജയപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഖ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സഖ്യത്തിന്‍റെ നേതൃത്വം ഏറ്റെടുക്കാന്‍ മമത ബാനര്‍ജിയെ അനുവദിക്കണമെന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ നിര്‍ദേശത്തിന് പിന്നാലെയാണ് കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്‌താവന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യാ സഖ്യം തകര്‍ന്നെന്ന വാസ്‌തവം കോണ്‍ഗ്രസ് തിരിച്ചറിയണമെന്ന് എഎന്‍ഐയോട് സംസാരിക്കവെ ടിഎംസി എംപി ചൂണ്ടിക്കാട്ടി. നേതൃത്വത്തിലേക്ക് മമത ദീദിയെ കൊണ്ടുവരുന്നത് നന്നായിരിക്കും. രാഷ്‌ട്രീയ പോരാട്ടം വരുമ്പോള്‍ എല്ലാ നേതാക്കള്‍ക്കുമുപരി മമതാ ദീദിയുടെ പേരാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. കോണ്‍ഗ്രസ് തങ്ങളുടെ അഹംഭാവം വെടിയണം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എങ്ങനെ ഉയര്‍ത്തണമെന്ന് മമതയ്ക്ക് അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും രാഷ്‌ട്രീയ ജനതാദള്‍ നേതാവുമായ ലാലു പ്രസാദ് യാദവാണ് ഇങ്ങനെയൊരു ആവശ്യമുയര്‍ത്തി ആദ്യം രാഷ്‌ട്രീയ കൊടുങ്കാറ്റ് അഴിച്ച് വിട്ടത്. കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് കണക്കിലെടുക്കേണ്ടതില്ല. മമതയെ ഞങ്ങള്‍ പിന്തുണയ്‌ക്കും. മമതയുടെ നേതൃത്വത്തില്‍ തങ്ങള്‍ 2025ല്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ലാലു പ്രസാദ് പറഞ്ഞു.
രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് അദ്ദേഹത്തിന്‍റെ പ്രസ്‌താവനയില്‍ ഉയര്‍ന്നത്. എന്നാല്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തങ്ങളുടെ നിലപാടില്‍ അതീവ കരുതല്‍ പുലര്‍ത്തി. തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് ഇക്കാര്യത്തില്‍ യാതൊരു ഔദ്യോഗിക പ്രതികരണങ്ങളും ഉണ്ടായിട്ടില്ലെന്ന് ജെഎംഎം എംപി മഹുവ മാജി പറഞ്ഞു. ഓരോ കക്ഷിയ്ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. യോഗം ചേരുമ്പോള്‍ എന്ത് വേണമെന്ന് തങ്ങള്‍ ഐക്യകണ്ഠേന തീരുമാനിക്കുമെന്നും അത് തങ്ങളുടെ കക്ഷിക്ക് സ്വീകാര്യമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യാ ബ്ലോക്കിലെ നിര്‍ണായക ശക്തിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ലാലുവിന്‍റെ പ്രസ്‌താവനയോട് ഇനിയും അവര്‍ പ്രതികരിച്ചിട്ടില്ല. ഏതായാലും വരും ദിവസങ്ങളില്‍ ഇത് വലിയ ചര്‍ച്ചകളിലേക്കാകും വഴി തുറക്കുക എന്നാണ് രാഷ്‌ട്രീയവൃത്തങ്ങള്‍ നല്‍കുന്ന സൂചന.